Currency

പ്രവാസികള്‍ക്ക് ആശ്വാസം; ഖത്തര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അമ്പതുലക്ഷം ഡോളര്‍ മടക്കി നല്‍കും

സ്വന്തം ലേഖകന്‍Wednesday, April 4, 2018 1:19 pm

ദോഹ: ഖത്തറില്‍ 2022 ല്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവാസികള്‍ക്ക് റിക്രൂട്ട്‌മെന്റ് ഫീസ് ഇനത്തില്‍ വാങ്ങിയ അമ്പതുലക്ഷം ഡോളറോളം വരുന്ന തുക മടക്കി നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ തുക കൊടുത്തു തീര്‍ക്കാനാണ് തീരുമാനം. സര്‍ക്കാരാണ് തുക തിരികെ നല്‍കുക.

റിക്രൂട്ട്‌മെന്റ് ഫീസ് ജോലി നേടുന്നതിനു വേണ്ടി തൊഴിലാളികള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് നല്‍കിയ തുകയാണ്. 2022 ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ യൂണിവേഴ്‌സല്‍ പേമെന്റ് കമ്മിറ്റിയുടെ ചട്ടപ്രകാരം റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തുക തിരികെ നല്‍കാന്‍ തീരുമാനിച്ചത്.

ഈ ചട്ടങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഖത്തിറിലേക്ക് റിക്രൂട്ട്‌മെന്റ് ഫീസ് നല്‍കി ജോലിക്കു കയറിയ തൊഴിലാളികള്‍ക്കാണ് ഫീസ് തിരികെ നല്‍കുക. റിക്രൂട്ട്‌മെന്റ് ഫീസിനെ സുപ്രീം കമ്മിറ്റി അധാര്‍മികമായ ആഗോള പ്രശ്നമായിട്ടാണ് വിലയിരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x