
റിയാദ്: സൗദിയില്‍ വെച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ ഇന്ത്യന്‍ എംബസി വഹിക്കുമെന്ന് അംബാസിഡര്‍. സ്പോണ്സര് കയ്യൊഴിയുന്ന കേസുകളിലായിരിക്കും എയര്‍ ഇന്ത്യ വഴി സൗജന്യമായി മൃതദേഹം നാട്ടില്‍ എത്തിക്കുക. ഇതിന് വേണ്ട എംബാമിങ്ങ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും എംബസി വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിദേശത്ത് വെച്ച മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് എംബസിക്ക് കീഴില്‍ സ്ഥിരം സംവിധാനം ഉണ്ട്. സാധാരണ ഗതിയില്‍ മരണപ്പെടുന്ന വ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട ചെലവുകള്‍ വഹിക്കേണ്ടത് സ്പോണ്‍സറിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സ്പോണ്സര് അത് നിര്‍വ്വഹിക്കാത്ത പക്ഷം ബന്ധുക്കള്‍ക്കോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ എംബസിയെ സമീപിക്കാവുന്നതാണ്. ഇത്തരം കേസുകളില്‍ എംബസി എയര്‍ ഇന്ത്യയുമായി ചേര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവുകളും വഹിക്കും.
6000 റിയാലാണ് എംബാമിങിന് വരുന്ന ചെലവ്. യാത്രക്കും മറ്റുമായി 1500 റിയാലോളം വരും. ഈ തുകയാണ് എംബസി വഹിക്കുകയെന്ന് എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.