
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സ്‌ക്രീനിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇതോടെ സ്‌ക്രീനിങ്ങിന് കൂടുതല്‍ സമയം ചെലവഴിക്കാതെ യാത്രക്കാര്‍ക്ക് കടന്നുപോകാനുള്ള അവസരമൊരുങ്ങും. കഴിഞ്ഞ മാസത്തോടെ ആരംഭിച്ച പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിമാനത്താവളംവഴി കടന്നുപോയ ഒരു മില്യന്‍ ട്രാന്‍സ്ഫര്‍ യാത്രക്കാരില്‍ 99.5 ശതമാനം പേരും അഞ്ച് മിനുട്ടില്‍താഴെ മാത്രം സമയമെടുത്താണ് കടന്നുപോയത്.
വിമാനത്താവളത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ രണ്ട് പുതിയ ട്രാന്‍സ്ഫര്‍ പോയിന്റുകള്‍ ഉള്‍പ്പെടെ നാലെണ്ണമാണ് ഇപ്പോഴുള്ളത്. ഇതോടെ യാത്രക്കാര്‍ ട്രാന്‍സ്ഫര്‍ ഭാഗത്തേക്ക് നടക്കുന്ന ദൂരം കുറയുകയും സുരക്ഷാ സ്‌ക്രീനിങ് സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് മികച്ച സേവനം ഏര്‍പ്പെടുത്തുന്നതിനും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും സേവനവും നല്‍കുന്നതിനും അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ആറ് ആഴ്ചകളിലായി പരിശീലനപരിപാടി സംഘടിപ്പിച്ചിരുന്നു. ഖത്തര്‍ ആഭ്യന്തരമന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാസംഘം സ്‌ക്രീനിങ് നടത്തുന്നത്.
ഹമദ് വിമാനത്താവളംവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് തങ്ങളുടെ സംതൃപ്തിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളംവഴി കടന്നുപോയ ഒരു മില്യനിലേറെ യാത്രക്കാരില്‍ 90 ശതമാനവും തങ്ങളുടെ അനുഭവം നല്ലതെന്നോ മികച്ചതെന്നോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.