Currency

ശമാലില്‍ തൊഴിലാളി താമസ കേന്ദ്രം തുറന്നു

സ്വന്തം ലേഖകന്‍Friday, May 18, 2018 12:42 pm

ദോഹ: തൊഴിലാളികള്‍ക്കായുള്ള മാതൃകാ ഹൗസിംഗ് യൂണിറ്റുകള്‍ ശമാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തര്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പരിഗണിച്ചു കൊണ്ട് ഏറ്റവും മികച്ച മാതൃകയിലാണ് ഹൗസിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ജീവിത സാഹചര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരുക്കിക്കൊടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ശമാല്‍ മുനിസിപ്പാലിറ്റിയാണ് തൊഴിലാളികള്‍ക്കായുള്ള ഹൗസിംഗ് യൂണിറ്റുകള്‍ പണി കഴിപ്പിച്ചത്. പുതിയ കേന്ദ്രത്തില്‍ 180 തൊഴിലാളികള്‍ക്ക് കഴിയാന്‍ സാധിക്കും.

താമസ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ശമാല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് ജുമാഹ് അല്‍ മന്നാഈ, ജനറല്‍ അഫേഴ്‌സ് വകുപ്പ് ഡയറക്ടര്‍ ജമാല്‍ അലി അല്‍ സാദ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരും മറ്റ് വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച താമസസൗകര്യം ഒരുക്കിയതിന് പുറമേ, ആരോഗ്യ, സാമൂഹിക, മത, വിനോദ പരിപാടികള്‍ക്കായുള്ള സൗകര്യങ്ങളും മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ താമസ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x