Currency

അറബിക്കടലിലെ ന്യൂനമര്‍ദം കൊടുങ്കാറ്റായി ദിശ ഒമാന്‍ തീരത്തേക്ക്

സ്വന്തം ലേഖകന്‍Wednesday, May 23, 2018 1:45 pm

മസ്‌കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ മേഖല കൊടുങ്കാറ്റായി മാറിയതായി സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു. സലാല തീരത്തുനിന്ന് 900 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ കാറ്റുള്ളത്. കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകള്‍ സലാലയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണുള്ളതെന്ന് അതോറിറ്റി ചൊവ്വാഴ്ച വൈകിട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടുമുതല്‍ ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ മഴ ലഭിക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്.

കാറ്റിന്റെ കേന്ദ്ര ഭാഗത്തിന്റെ ഗതി ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്കാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദോഫാര്‍, അല്‍ വുസ്ത തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ അഞ്ചുമുതല്‍ എട്ടു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

അറബിക്കടലിലെ കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു. സി.ഇ.ഒ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കാറ്റ് ചുഴലിക്കാറ്റായി രൂപപ്പെടുന്നതോടെ ‘മെക്കുനു’ എന്ന പേരിലാകും അറിയപ്പെടുക. മണിക്കൂറില്‍ 62 കിലോമീറ്റര്‍ മുതല്‍ 74 കിലോമീറ്റര്‍ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x