Currency

മെകുനുവിനെ നേരിടാന്‍ സലാല ഒരുങ്ങി

സ്വന്തം ലേഖകന്‍Thursday, May 24, 2018 5:44 pm

മസ്‌കത്ത്: സലാല, അല്‍വുസ്ത തീരങ്ങളില്‍ അടിച്ചുവീശാന്‍ സാധ്യതയുള്ള ‘മെകുനു’ ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍. ഇതിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ്, ദോഫാര്‍ നഗരസഭ, വിദ്യാഭ്യാസ മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ അടിയന്തര യോഗങ്ങള്‍ ബുധനാഴ്ച ചേര്‍ന്നു. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

ബുധനാഴ്ച ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി സിവില്‍ ഡിഫന്‍സ് സബ് കമ്മിറ്റിയുടെ യോഗം വിളിച്ച് ഏറ്റവും പുതിയ സ്ഥിതിഗതി വിലയിരുത്തി. യോഗത്തില്‍ കാറ്റിനെ നേരിടാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം കൂടുതല്‍ മുന്നൊരുക്കം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സലാല മുനിസിപ്പാലിറ്റിയും ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പൊതുജനങ്ങള്‍ മുനിസിപ്പാലിറ്റിയുമായി 1771 എന്ന കാള്‍ സെന്റര്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രി മദീഹ ബിന്‍ത് അഹ്മദ് അല്‍ ശൈബാനിയയുടെ അധ്യക്ഷതയില്‍ നടന്ന വിദ്യാഭ്യാസ മന്ത്രാലയം യോഗം വിവിധ ക്ലാസുകളിലേക്കുള്ള ട്രാന്‍സ്ഫര്‍ ടെസ്റ്റുകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ തീരുമാനിച്ചു. പുതിയ പരീക്ഷാതീയതികള്‍ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി സിവില്‍ ഡിഫന്‍സ് മസ്‌കത്തില്‍നിന്നും മറ്റും കൂടുതല്‍ സേനാംഗങ്ങളെയും വാഹനങ്ങളെയും സുരക്ഷാ ഉപകരണങ്ങളെയും സലാലയിലേക്ക് എത്തിച്ചിട്ടുണ്ട്. അതിനിടെ, മെകുനുവിനെ നേരിടാന്‍ സലാലയിലെ ജനങ്ങളും ഒരുങ്ങി. റൊട്ടിയും മെഴുകുതിരിയും അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതിവെക്കുന്ന തിരക്കിലായിരുന്നു ബുധനാഴ്ച സലാലയിലെ ജനങ്ങള്‍. ബുധനാഴ്ച വൈകീട്ടോടെ സലാലയില്‍ ആകാശം ഇരുണ്ടുകൂടാന്‍ തുടങ്ങിയിട്ടുണ്ട്. വൈകീട്ടോടെ സൂപ്പര്‍മാര്‍ക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുകയും പല ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമം നേരിടുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x