Currency

റോഡ് വികസനം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പ്

സ്വന്തം ലേഖകന്‍Friday, June 1, 2018 12:40 pm

ദോഹ: ഖത്തറിലെ റോഡ് വികസന പദ്ധതികളെല്ലാം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നു ഗതാഗത വകുപ്പ്. നിലവില്‍ റോഡ് വികസന പദ്ധതികളുടെ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഗതാഗതസുരക്ഷ എന്‍ജിനീയറിങ് വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാറിഫിയ പറഞ്ഞു. വികസനം പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കു പൂര്‍ണമായും ഒഴിവാകും. ഒട്ടേറെ പുതിയ റോഡുകള്‍ അടുത്തിടെ തുറന്നിട്ടുണ്ട്. ഇതു യാത്രികര്‍ക്കു വലിയ ആശ്വാസമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അപകടങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും 16, 17 പ്രായക്കാരാണെന്നതിനാല്‍ യുവാക്കള്‍ക്കിടയില്‍ ഗതാഗതസുരക്ഷ ബോധവല്‍ക്കരണം ശക്തിപ്പെടുത്തിവരികയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്ന പുതിയ ക്യാമറകള്‍ ഉടന്‍തന്നെ ഹൈവേകളില്‍ സ്ഥാപിക്കും.

വേഗപരിധി ഉറപ്പാക്കാന്‍ ഒട്ടേറെ പുതിയ റഡാറുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാന്തര റോഡുകളുടെ നിര്‍മാണം ഗതാഗതം ഏറെ സുഗമമാക്കുന്നുണ്ട്. ദോഹ അതിവേഗപാതയ്ക്കു സമാന്തരമായി നിര്‍മിച്ച റോഡും ഇതില്‍ ഉള്‍പ്പെടും. ഗതാഗത സുരക്ഷാ ബോധവല്‍ക്കരണം ശക്തമാക്കിയതോടെ റോഡ് അപകടങ്ങളും മരണനിരക്കും കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x