
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ചു ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ) പ്രഖ്യാപിച്ച സമ്മര്‍ ഫെസ്റ്റിനു തുടക്കമായി. വേനല്‍ ഉല്‍സവത്തില്‍ രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, ആസ്പയര് സോണ്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ദോഹയിലെയും അല്‍ വക്രയിലെയും സൂഖ് വാഖിഫുകള് എന്നിവയെല്ലാം പങ്കുചേരുന്നുണ്ട്. ഇവിടെയെല്ലാം ഇനിയുള്ള മൂന്ന് അവധി ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷങ്ങളും അരങ്ങേറും. നിങ്ങളുടെ വേനലിനു വര്‍ണം പകരൂ എന്ന സന്ദേശവുമായാണ് വേനല്‍ ഉല്‍സവം സംഘടിപ്പിക്കുന്നത്.
പെരുന്നാള്‍ ദിനത്തിലും പിറ്റേന്നുമായി ആഭ്യന്തരമന്ത്രാലയം വിവിധ കമ്യൂണിറ്റികളുമായി സഹകരിച്ച് ഒട്ടേറെ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഖത്തറിലെ ഏറ്റവും വലിയ ഉല്സവാഘോഷവേദിയായ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ (ഡിഇസിസി) ഒരുക്കിയിരിക്കുന്ന ഖത്തര്‍ സമ്മര്‍ എന്റര്ടെയ്ന്മെന്റ് സിറ്റിയില്‍ സമ്മര്‍ ഫെസ്റ്റിന് ഇന്നലെ തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ബൗണ്സിങ് കാസില്‍ ഒരുക്കിയാണ് ഇവിടെ കുട്ടികളെ ആഘോഷങ്ങളിലേക്കു വരവേല്‍ക്കുന്നത്.
കുട്ടികള്‍ക്കായി മിനി മൃഗശാല, ഡ്രൈവിങ് സ്കൂള്‍, റോബട് ഗോലി, വിഡിയോ, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രുചികള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ടുകള്‍, ഷോപ്പിങ്ങിനായി പ്രത്യേകം സൂഖുകള്‍, തല്‍സമയ കലാപരിപാടികള്‍, ഒട്ടേറെ റൈഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
സമ്മര്‍ ഫെസ്റ്റ് ഓഗസ്റ്റ് 31 വരെ നീളും. സിന്തറ്റിക് ഐസ് സ്കേറ്റിങ് റിങ്ക്, 18 കുഴികളുള്ള മിനി ഗോള്‍ഫ് കോഴ്സ്, ഹൈടെക് വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ എന്നിവയ്ക്കു പുറമേ ഫുട്ബോള്‍ പ്രേമികള്‍ക്കായി ഫാന്‍ സോണും സജ്ജമാക്കിയിട്ടുണ്ടെന്നു ക്യുസ്പോര്ട്സ് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.