
ദോഹ: ഖത്തര്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ ആണ് കേരള പൊലീസിന്റെ പിടിയിലായത്. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കി അഞ്ച് കോടി അഞ്ച് ലക്ഷമാണ് സുനില്‍ തട്ടിയത്.
ഖത്തര്‍ രാജാവിന്റെ ചിത്രങ്ങള്‍ ലോകത്തിലെ വിഖ്യാത ചിത്രകാരന്മാരെ കൊണ്ട് വരപ്പിച്ച് ഖത്തര്‍ മ്യൂസിയത്തിന് നല്‍കാമെന്ന കരാറിന്റെ മറവിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. അമേരിക്കയിലെ ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് കമ്പനിയുടെ പേരില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി തട്ടിപ്പിന് കളമൊരുക്കിയെന്നാണ് പൊലീസ് പറയുന്നത്.
ഖത്തര്‍ രാജാവിന്റെ ചിത്രങ്ങള്‍ പ്രമുഖരായ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ച് മ്യൂസിയത്തിന് നല്‍കാമെന്ന് സുനില്‍ ഖത്തര്‍ മ്യൂസിയം അധികൃതരെ അറിയിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ മ്യൂസിയം ചെയര്പേഴ്സണന് കൂടിയായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ മെയിലൂടെയായിരുന്നു സുനില്‍ നടത്തിയത്.
10 കോടി 10 ലക്ഷത്തിന് കരാര്‍ ഉറപ്പിച്ച ഖത്തര്‍ മ്യൂസിയം അധികൃതര്‍ പകുതി പണം അഡ്വാന്‍സായി സുനിലിന്റെ അക്കൗണ്ടിലേക്ക് നല്കി. എന്നാല്‍ പിന്നീട് സുനിലിനെ ഖത്തര്‍ മ്യൂസിയം അധികൃതര്‍ക്ക് ബന്ധപ്പെടാനായില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായ വിവരം മനസ്സിലാക്കി ഖത്തര്‍ മ്യൂസിയം അധികൃതര്‍ അക്കൌണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ച് കേരളത്തിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.