Currency

ഹമദ് വിമാനത്താവളത്തിന് മിഴിവേകാന്‍ കോസ്‌മോസ്

സ്വന്തം ലേഖകന്‍Monday, July 2, 2018 11:54 am

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിനു കലാഭംഗിയേകാന്‍ പുതിയൊരു കലാസൃഷ്ടി കൂടി. ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ഴാന്‍ മൈക്കല്‍ ഓസ്‌നിയലിന്റെ സൃഷ്ടിയായ ‘കോസ്‌മോസാ’ണു വിമാനത്താവളത്തെ അലങ്കരിക്കാന്‍ പുതിയതായെത്തിയത്. ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ശില്‍പമാണു കോസ്‌മോസ് എന്ന് ഓസ്‌നിയന്‍ പറഞ്ഞു. ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ടിലെ ഒരു കലാസൃഷ്ടിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സൃഷ്ടിച്ച കോസ്‌മോസ് ഉരുക്കില്‍ നിര്‍മിച്ച ശേഷം അതില്‍ സ്വര്‍ണം പൂശിയാണു തയാറാക്കിയത്.

ഖത്തര്‍ മ്യൂസിയംസ് ആണ് ഓസ്‌നിയലിന്റെ കലാസൃഷ്ടി വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭൂഗോളത്തിന്റെ സഞ്ചാര പഥത്തെയാണു കോസ്‌മോസ് പ്രതിനിധാനം ചെയ്യുന്നത്. ആ സഞ്ചാരപഥം ബഹിരാകാശത്തു സൃഷ്ടിക്കുന്ന കലിഗ്രഫിയായാണു കോസ്‌മോസ് അനുഭവപ്പെടുക. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഒട്ടേറെ പ്രമുഖരുടെ കലാസൃഷ്ടികള്‍ ഖത്തര്‍ മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന സഞ്ചാരികള്‍ക്കു മനോഹരമായ അനുഭവമാണു രാജ്യാന്തര വിമാനത്താവളത്തിലെ കലാസൃഷ്ടികള്‍ സമ്മാനിക്കുകയെന്ന് ഖത്തര്‍ മ്യൂസിയത്തിലെ ചീഫ് സ്ട്രാറ്റജിക് പ്ലാനിങ് ഓഫിസര്‍ ഖാലിദ് അല്‍ ഇബ്രാഹിം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x