Currency

പ്രത്യേക ലഗേജുകള്‍ക്ക് 15 മുതല്‍ ഫീസ് ചുമത്തുമെന്ന് വിമാനത്താവള കമ്പനി

സ്വന്തം ലേഖകന്‍Thursday, July 5, 2018 11:50 am

മസ്‌കത്ത്: ജോലിക്കാര്‍ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകള്‍ക്ക് ഫീസ് ചുമത്തുമെന്ന് ഒമാന്‍ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മസ്‌കത്ത്, സലാല വിമാനത്താവളങ്ങളില്‍ ഈ മാസം 15 മുതല്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരും. വലുപ്പം കൊണ്ടോ ഭാരം കൊണ്ടോ അല്ലെങ്കില്‍ കൈകാര്യം ചെയ്യുമ്പോള്‍ കേടുവരുന്നതിനോ സാധ്യതയുള്ള ലഗേജുകളാണ് പൊതുവെ ജീവനക്കാരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാറുള്ളത്. ഇവ സ്‌കാനറുകള്‍ ഉപയോഗിച്ച് റീഡ് ചെയ്യാന്‍ സാധിക്കില്ല.

ഈ വിഭാഗത്തില്‍പെടുന്ന ലഗേജുകളുടെ എണ്ണമനുസരിച്ചാകും ഫീസ് നിശ്ചയിക്കുകയെന്ന് വിമാനത്താവള കമ്പനി അധികൃതര്‍ അറിയിച്ചു. കണ്‍വെയര്‍ ബെല്‍റ്റുകള്‍ മുഖേന കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലഗേജുകളുടെ എണ്ണം കുറക്കുന്നതിനാണ് ഈ തീരുമാനം.

സ്‌ട്രോളറുകള്‍, വീല്‍ ചെയറുകള്‍ എന്നിവക്കൊപ്പം ഗോള്‍ഫ് ബാഗുകള്‍ അടക്കം വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ആനുകൂല്യമായി നല്‍കുന്ന പ്രത്യേക ലഗേജുകള്‍ക്കും ഫീസ് ഒഴിവാക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് രണ്ടു ബാഗേജുകള്‍ മാത്രമാണ് അനുവദനീയമെന്നും വിമാനത്താവള കമ്പനി അറിയിച്ചു.

ഓരോ ബാഗിനും ഒരു പരന്ന പ്രതലം ഉണ്ടായിരിക്കണം. പരമാവധി ഭാരം 32 കിലോയായിരിക്കണം. 30 മുതല്‍ 100 സെ.മി വരെ നീളവും എട്ട് മുതല്‍ 75 സെ.മി വരെ വീതിയും 75 മുതല്‍ 60 സെ.മി വരെ ഉയരവും ഉള്ളതായിരിക്കണം ബാഗേജുകള്‍. നിശ്ചിത ലഗേജ് വലുപ്പത്തില്‍ കുറവുള്ളതും കൂടുതലുള്ളതും 43 ഇഞ്ചില്‍ കൂടുതല്‍ സ്‌ക്രീന്‍ വലുപ്പമുള്ള ടെലിവിഷനുകളും പ്രത്യേക ലഗേജില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x