
ദോഹ: വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസമന്ത്രാലയം വിവിധ സ്വകാര്യസ്കൂളുകളുമായി ഭൂമി കൈമാറ്റം സംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചു. സര്‍ക്കാര്‍ ഭൂമി സ്വകാര്യസ്കൂളുകളുടെ വികസനപ്രവൃത്തികള്‍ക്ക് പാട്ടത്തിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് കരാറുകളിലാണ് ഒപ്പുവെച്ചത്. കരാര്‍ പ്രകാരം പുതിയ ആറ് സ്കൂളുകളാണ് സ്ഥാപിക്കപ്പെടുക. കെ.ജി. മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. ഇതില്‍ അഞ്ചെണ്ണം ബ്രിട്ടീഷ് കരിക്കുലവും ഒരെണ്ണം ഇന്ത്യന്‍ സിലബസുമാണ് പിന്തുടരുക. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ആണ് ഇന്ത്യന്‍ സിലബസില്‍ പുതിയ സ്ഥാപനം തുടങ്ങുക.
ആറ് പുതിയ സ്ഥാപനങ്ങളിലുമായി 8,000 സീറ്റുകളാണ് ഉണ്ടാവുക. ഖത്തറിലെ ജനസംഖ്യ പ്രകാരം ഭാവിവിദ്യാഭ്യാസത്തിനുള്ള പുതിയ ആവശ്യങ്ങള്‍ കൂടി നിര്‍വഹിക്കാന്‍ പര്യാപ്തമാകും പുതിയ സീറ്റുകള്‍. ഓരോ പ്രദേശത്തെയും ജനസംഖ്യാനുപാദം വിലയിരുത്തി എല്ലാ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടുന്ന തരത്തിലാണ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭുമി അനുവദിക്കുന്നത്. കരാര്‍ ഒപ്പിട്ട ദിവസം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്കൂളുകളുടെ നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഖത്തറില്‍ 25ലധികം കരിക്കുലങ്ങളിലായി 281 സ്വകാര്യസ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയും സ്ഥാപനങ്ങളിലായി 190,644ലധികം വിദ്യാര്‍ഥികളും 11,629ലധികം അധ്യാപകരുമാണുള്ളത്. 2017-22 കാലയളവിലുള്ള വിദ്യാഭ്യാസരംഗത്തെ രാജ്യത്തിന്റെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമായി സ്വകാര്യവിദ്യാഭ്യാസമേഖലയെ പ്രോല്‍സാഹിപ്പിക്കുകയെന്നത് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.