Currency

ഖരീഫ് സഞ്ചാരികളില്‍ 61.9 ശതമാനം വര്‍ധന

സ്വന്തം ലേഖകന്‍Tuesday, July 17, 2018 12:45 pm

മസ്‌കത്ത്: ഖരീഫ് സീസണ്‍ ആരംഭിച്ച ശേഷം ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ച സഞ്ചാരികളില്‍ 61.9 ശതമാനം വര്‍ധന. ആദ്യ 20 ദിവസത്തിനിടെ 91,342 പേര്‍ സലാലയില്‍ എത്തിയയെന്ന് ദേശീയ സ്ഥിതി വിവര വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സലാലയിലെത്തിയത് 56,423 പേരായിരുന്നു.

അതേസമയം, സലാലയിലെത്തിയവരില്‍ 66.2 ശതമാനവും സ്വദേശികളാണ്. 9.2 ശതമാനം ഇമാറാത്തികളും 10.6 ശതമാനം ഇതര ജിസിസി രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുമാണ്. ജൂണ്‍ 21 മുതലാണ് എല്ലാ വര്‍ഷവും ഖരീഫ് സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. സെപ്തംബര്‍ 21 വരെ തുടരും.

ഈ മാസം പത്തിന് തുടക്കം കുറിച്ച സലാല ടൂറിസം ഫെസ്റ്റിവലിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളാണ് കൂടുതലായെത്തുന്നത്. വരും ദിവസങ്ങളില്‍ വിദേശ സഞ്ചാരികളെത്തുമെന്നാണ് നഗരസഭാ അധികൃതരും ടൂറിസം മന്ത്രാലയവും പ്രതീക്ഷിക്കുന്നത്. ബലി പെരുന്നാള്‍ അവധി വരെയാണ് ടൂറിസം ഫെസ്റ്റിവല്‍ തുടരുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x