
മസ്‌കത്ത്: ദുകം വിമാനത്താവളത്തിന്റെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും വരുന്ന സെപ്റ്റംബറോടെ ഇത് പ്രവര്‍ത്തനമാരംഭിക്കുമെന്നും ഒമാന്‍ വിമാനത്താവള കമ്പനി സി.ഇ.ഒ ശൈഖ് അയ്മന്‍ ബിന്‍ അഹമ്മദ് അല്‍ ഹൊസ്‌നി പറഞ്ഞു. ദുകമിനെ വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിമാനത്താവളം നിര്‍മിച്ചത്. ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ നിര്‍മാണം. പ്രത്യേക സാമ്പത്തിക മേഖലക്ക് ലോക സമ്പദ്‌രംഗത്ത് മുന്‍നിരയില്‍ എത്തുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍ണതയിലെത്താന്‍ വിമാനത്താവളം ആവശ്യമാണ്.
നാല് കിലോമീറ്റര്‍ നീളവും 75 മീറ്റര്‍ നീളവുമുള്ള റണ്‍വേ വലിയ വിമാനങ്ങള്‍ക്കും അനുയോജ്യമാണ്. മസ്‌കത്തില്‍നിന്ന് ദുകമിലേക്കാണ് ഇപ്പോള്‍ സര്‍വിസുകള്‍ ഉള്ളത്. ആഴ്ചയില്‍ ആറ് സര്‍വിസുകള്‍ എന്ന തോതില്‍ ഒമാന്‍എയര്‍ 3000 സര്‍വിസുകള്‍ നടത്തിക്കഴിഞ്ഞു. നിര്‍മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന പാസഞ്ചര്‍ ടെര്‍മിനലിന് പ്രതിവര്‍ഷം അഞ്ചുലക്ഷം യാത്രക്കാരെ സ്വീകരിക്കുന്നതിന് ശേഷിയുണ്ടാകും.
5600 സ്‌ക്വയര്‍ മീറ്ററാണ് ടെര്‍മിനലിന്റെ വിസ്തൃതി. രണ്ട് ബോര്‍ഡിങ് ബ്രിഡ്ജുകളും അഞ്ച് ചെക്ക് ഇന്‍ചെക്ക് ഔട്ട് കൗണ്ടറുകളും ഇവിടെയുണ്ടാകും. 37 മീറ്റര്‍ ഉയരത്തിലുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തോടെയുള്ള എട്ട് നില കെട്ടിടമാണ് പൂര്‍ത്തിയാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.