
ദുബായ്: യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വരാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യമെങ്ങും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി. പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കുന്നവര്‍ 21 ദിവസത്തിനകം രാജ്യം വിടണമെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് തിരിച്ചുവരാന്‍ തടസമുണ്ടാവില്ലെന്നും താമസകുടിയേറ്റ വകുപ്പ് ആവര്‍ത്തിച്ചു.
നിയമവിധേയമായി യുഎഇയിലെത്തി പിന്നീട് അനധികൃത താമസക്കാരായി മാറിയവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് പോകാം. പുതിയ സ്പോണ്‍സറുടെ കീഴിലേക്ക് വിസ സ്റ്റാറ്റസ് മാറ്റാം. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്.
അനധികൃതമായി അതിര്‍ത്തി കടന്ന് യുഎഇയില്‍ പ്രവേശിച്ചവര്‍ക്കും തിരിച്ചുപോകാന്‍ കഴിയും. പക്ഷെ, രണ്ടുവര്‍ഷത്തേക്ക് തിരിച്ചുവരാനാവില്ല. എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചാലുടന്‍ അവര്‍ നാട്ടിലേക്ക് മടങ്ങണം. എക്സിറ്റ് പെര്‍മിറ്റിന് 221 ദിര്‍ഹം ഫീസ് ഈടാക്കും. ദുബായിലും സമീപ എമിറേറ്റിലുമുള്ളവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാന്‍ അല്‍അവീറിലെ കേന്ദ്രത്തില്‍ വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. പാസ്പോര്‍ട്ടും രേഖകളും കൈവശമില്ലാത്തവര്‍ക്കും ഇവിടെ അപേക്ഷിക്കാം. മുഴുവന്‍ രാജ്യങ്ങളുടെയും കോണ്‍സുലാര്‍ പ്രതിനിധികള്‍ ഇവിടെയുണ്ടാകും.
പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി എന്നിവ കൈവശമുള്ളവര്‍ക്ക് ആമര്‍ സെന്ററുകള്‍ വഴിയും പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം. പൊതുമാപ്പ് കാലത്ത് രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ ഈ കേന്ദ്രം സജീവമായിരിക്കും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.