
ദോഹ: ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഗതാഗത വകുപ്പ്. ഗതാഗത വകുപ്പിന്റെ അപകടരഹിത വേനല്‍ക്കാലം കാമ്പയിനിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ട്രാഫിക് പോയിന്റിലെ ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവരില്‍ നിന്ന് 6000 റിയാല്‍ പിഴ ഈടാക്കും. ഇതിന് പുറമെ മുന്നറിയിപ്പായി ഏഴ് പോയിന്റും ലഭിക്കും. ഇത്തരം പോയിന്റ് കൂടുന്നതിനനുസരിച്ച് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും വരും.
ചുവപ്പ് സിഗ്നല്‍ തെളിഞ്ഞു കിടക്കുമ്പോള്‍ വാഹനം ഓടിച്ചു പോകുന്നത് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചത്. കാല്‍നടക്കാരുടെയും വാഹനത്തിലുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ട്രേറ്റ് അഭ്യര്‍ത്ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.