
മസ്‌കത്ത്: വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ചയും മഴ. യന്‍കല്‍, ഇബ്രി, അല്‍ ഹംറ തുടങ്ങിയ സ്ഥലങ്ങളില്‍ കൊടുങ്കാറ്റിന്റെ അകമ്പടിയോടെയാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം മഴയെത്തിയത്. യന്‍കലിലും ഇബ്രിയിലും കാറ്റില്‍ വസ്തുവകകള്‍ക്ക് ചെറിയതോതില്‍ നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. തൊഴിലാളികളുടെ താമസ സ്ഥലങ്ങളും കാറ്റില്‍ പറന്നുപോയിട്ടുണ്ട്.
മുദൈബി, റുസ്താഖ്, സമാഈല്‍, നിസ്‌വ, ഹൈമ പ്രദേശങ്ങളുടെ വിവിധയിടങ്ങളിലും ശക്തമായ കാറ്റിന്റെ അകമ്പടിയോടെ ഒറ്റപ്പെട്ട മഴ അനുഭവപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഉച്ചക്ക് ശേഷം മഴ അനുഭവപ്പെടുന്നുണ്ട്.
അല്‍ ഹജര്‍ പര്‍വതനിരകളിലും പരിസരങ്ങളിലും ഞായറാഴ്ച ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മസ്‌കത്തില്‍ ഞായറാഴ്ച താപനില 40 ഡിഗ്രിക്ക് മുകളില്‍ എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.