Currency

ഖത്തറില്‍ 20 വര്‍ഷം താമസം പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്

സ്വന്തം ലേഖകന്‍Wednesday, September 5, 2018 12:42 pm

ദോഹ: പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

സ്ഥിരം റസിഡന്‍സി സംബന്ധിച്ച 2018ലെ പത്താം നമ്പര്‍ നിയമത്തില്‍ സ്ഥിരം താമസാനുമതി രേഖയ്ക്ക് അര്‍ഹതയുള്ളവരുടെ യോഗ്യത കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയും അര്‍ഹതയുമുള്ള പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി രേഖ (പെര്‍മനന്റ് റസിഡന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) നല്‍കും. വിദേശത്തു ജനിച്ചവരാണെങ്കില്‍ നിയമാനുസൃത സാധാരണ റസിഡന്‍സി പെര്‍മിറ്റില്‍ ഖത്തറില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം. ഖത്തറില്‍ ജനിച്ചവരാണെങ്കില്‍ ഇതേരീതിയില്‍ പത്തുവര്‍ഷം താമസം പൂര്‍ത്തീകരിച്ചിരിക്കണം. ഖത്തറിലെ താമസകാലയളവ് തുടര്‍ച്ചയായിട്ടായിരിക്കണം. സ്ഥിരം റസിഡന്‍സി പെര്‍മിറ്റിനുള്ള അപേക്ഷസമര്‍പ്പിക്കുന്ന തീയതിക്കു മുന്‍പായി ഈ യോഗ്യത പൂര്‍ത്തീകരിച്ചിരിക്കണം.

നോണ്‍ ഖത്തരിയെ വിവാഹം കഴിച്ച ഖത്തരി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, ഖത്തരി വനിതയെ വിവാഹം കഴിക്കുന്ന നോണ്‍ ഖത്തരി ഭര്‍ത്താവ്, ഖത്തരി പൗരന്റെ വിദേശഭാര്യ, രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേക ശേഷിയുള്ളവര്‍, വിദേശപൗരത്വം വഴി പൗരത്വം ലഭിച്ച ഖത്തരിയുടെ മക്കള്‍ എന്നിവര്‍ക്ക് ഈ യോഗ്യതകള്‍ ആവശ്യമില്ല.

സ്ഥിരം ഐഡി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നീ മേഖലകളില്‍ ഖത്തരികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ, മെഡിക്കല്‍ സേവനങ്ങള്‍ ഖത്തറികള്‍ക്ക് നിലവില്‍ സൗജന്യമാണ്. പൊതു സൈനിക, സിവില്‍ ജോലികളില്‍ ഖത്തരികള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്ഥിര താമസാനുമതി രേഖയുള്ളവര്‍ക്കായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x