
ദോഹ: ഖത്തറില്‍ രാജ്യം വിടുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള അഞ്ച് ശതമാനം തൊഴിലാളികളെ നിശ്ചയിക്കാനുള്ള പൂര്‍ണാധികാരം തൊഴിലുടമയ്ക്ക് നല്‍കി ഉത്തരവ്. തൊഴിലാളികളുടെ സമ്മതമോ അഭിപ്രായമോ തേടാതെ തന്നെ ഈ അഞ്ച് ശതമാനം തൊഴിലാളികളെ തൊഴിലുടമയ്ക്ക് തെരഞ്ഞെടുക്കാം. ഖത്തറില്‍ വിദേശികള്‍ക്ക് രാജ്യം വിടാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ മാസമാണ് അമീര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഓരോ കമ്പനിയിലെയും അഞ്ച് ശതമാനം തൊഴിലാളികളെ എക്‌സിറ്റ് പെര്‍മിറ്റ് നിബന്ധനയ്ക്ക് കീഴില്‍ കൊണ്ടുവരാമെന്നും ഉത്തരവുണ്ടായിരുന്നു.
ഈ അഞ്ച് ശതമാനം തൊഴിലാളികളുടെ കാര്യത്തിലാണ് തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഓരോ കമ്പനിയിലെയും ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിന് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കും. ഈ അഞ്ച് ശതമാനത്തെ തെരഞ്ഞെടുക്കുമ്പോള്‍ തൊഴിലാളികളുടെ അഭിപ്രായമോ സമ്മതമോ തൊഴിലുടമ തേടേണ്ടതില്ല.
മാനേജര്‍, അക്കൗണ്ടന്റ്, പി.ആര്‍.ഒ തുടങ്ങി കമ്പനിയുടെ മര്‍മ്മ പ്രധാന തസ്‌കതികകളിലുള്ളവരെയാണ് ഈ അഞ്ച് ശതമാനത്തിലുള്‍പ്പെടുത്തേണ്ടി വരിക. തൊഴിലാളികള്‍ രാജ്യം വിടുന്നത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് അഞ്ച് ശതമാനത്തെ ഒഴിവാക്കിക്കൊണ്ട് നിയമഭേദഗതി പുറപ്പെടുവിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.