Currency

ചുഴലിക്കാറ്റ്; ഒമാനില്‍ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, October 9, 2018 2:23 pm

ഒമാന്‍: ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്റെ തെക്കന്‍ തീരത്തേക്ക് നീങ്ങുന്നതായി സൂചന. ബുധനാഴ്ചയോടെ കനത്ത മഴ ആരംഭിക്കാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ഗതി ഏദന്‍ കടലിടുക്ക് ഭാഗത്തേക്ക് മാറാനാണ് സാധ്യതയെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.

നിലവില്‍ സലാല തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് കാറ്റ് ഉള്ളത്. അനുബന്ധമായുള്ള മേഘങ്ങള്‍ 350 കിലോമീറ്റര്‍ അകലെയെത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത 75 കിലോമീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. കാറ്റിന്റെ ഗതി തെക്കന്‍ ഒമാന്‍, യമന്‍ ഭാഗത്തേക്കാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ ഗതിയില്‍ മാറ്റം വരാനുള്ള സാധ്യതയും ഉണ്ട്.

മേഘ പടലങ്ങള്‍ തീരത്തോട് അടുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാന്‍ മെറ്റീരിയോളജിക്കല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ബലൂചി പറഞ്ഞു. കാറ്റ് ഏദന്‍ കടലിടുക്ക് ഭാഗത്തേക്ക് തിരിഞ്ഞ് പോകാനാണ് കൂടുതല്‍ സാധ്യത. അതേ സമയം സലാല ഉള്‍പ്പെടുന്ന ഒമാന്റെ തെക്കന്‍ തീരങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.

അധികൃതരുടെ അറിയിപ്പുകള്‍ കൃത്യമായി പിന്തുടരണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോരിറ്റി ആവശ്യപ്പെട്ടു. കാറ്റ് കൂടുതല്‍ വേഗതയാര്‍ജിച്ച് വെള്ളിയാഴ്ചയോടെ തെക്കു പടിഞ്ഞാറന്‍ ഒമാനില്‍ കര തൊടാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x