
ഒമാന്‍: ലുബാന് കൊടുങ്കാറ്റിന്റെ ഭാഗമായുള്ള മഴ സലാല ഉള്‍പ്പടെയുള്ള ഒമാന്റെ തെക്ക് ഭാഗത്ത് ആരംഭിച്ചു. കാറ്റിന്റെ വേഗതയേറിയ മധ്യ ഭാഗം തീരത്ത് നിന്ന് 300 കിലോമീറ്റര്‍ അകലെയാണ്. ഇന്ന് വൈകിട്ടും നാളെയുമായി ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലുബാന് കൊടുങ്കാറ്റിന്റെ വേഗത ഇന്നലെ മുതല്‍ കുറഞ്ഞിരുന്നു. 93 മുതല്‍ 102 കിലോമീറ്റര്‍ വരെയാണ് ഇപ്പോള്‍ കാറ്റിന്റെ വേഗത. സലാല ഉള്‍പ്പെടുന്ന നഗര പ്രദേശങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഇടവിട്ട മഴ ആരംഭിച്ചിട്ടുണ്ട്. ഹാസിഖ് സദ തുടങ്ങിയ ഭാഗങ്ങളില്‍ കാറ്റോടു കൂടിയ ശക്തമായ മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്. കാറ്റിന്റെ ദിശ ഇപ്പോഴും പടിഞ്ഞാറ് ഭാഗത്തേക്ക് തന്നെയാണ്. ദോഫാര്‍ തീരത്ത് കൂടി യമനിലേക്കാണ് കാറ്റിന്റെ പ്രവാഹമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പില്‍ പറയുന്നു.
കാറ്റിന്റെ പ്രത്യക്ഷ പ്രതിഫലനങ്ങള്‍ ഇന്ന് രാത്രിയും നാളെയുമായി ഉണ്ടാകും. ദോഫാര്‍ പ്രദേശത്ത് ഇടിയോട് കൂടിയ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. 56 മുതല്‍ 83 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുകയും ചെയ്യും. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും വാദികള്‍ മുറിച്ച് കടക്കരുതെന്നും അധികൃതര്‍ നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.