Currency

ഒമാന്‍ തീരത്ത് ലുബാന്‍ കാറ്റിന്റെ ഭീതിയൊഴിഞ്ഞു

സ്വന്തം ലേഖകന്‍Monday, October 15, 2018 12:21 pm

ഒമാന്‍: ഒമാന്‍ തീരത്ത് ലുബാന്‍ കാറ്റിന്റെ ഭീതിയൊഴിഞ്ഞു. കാറ്റ് തീവ്ര ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ട് യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റില്‍ തീരം തൊട്ടതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോരിറ്റി അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദല്‍ഖൂത്തിലാണ് ഏറ്റവുമധികം മഴ പെയ്തത്. 145 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.

കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയിട്ടുണ്ട്. കാറ്റിന്റെ പ്രത്യക്ഷ ഫലമായി അടുത്ത 24 മണിക്കൂര്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 37 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.

കാറ്റിന്റെ കേന്ദ്രഭാഗം ഒമാനില്‍ നിന്ന് പൂര്‍ണമായും നീങ്ങിക്കഴിഞ്ഞതായി പുതിയ അറിയിപ്പില്‍ പറയുന്നു. കാറ്റിന്റെ വേഗതയില്‍ കുറവു വന്നിട്ടുണ്ട്. ഒമാന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നഗര പ്രദേശങ്ങളില്‍ ചെറിയ കാറ്റും മഴയും നാളെയും ഉണ്ടാകുമെന്ന് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x