Currency

വീണ്ടും ശക്തമായ മഴയും മിന്നലും; വരുംദിവസങ്ങളിലും തുടരും

സ്വന്തം ലേഖകന്‍Sunday, October 28, 2018 11:21 am

ദോഹ: ഏതാനും ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് ശക്തമായ മഴയും കാറ്റും മിന്നലും. ശനിയാഴ്ച ഉച്ചയോടെയാണ് മിക്കവാറും എല്ലാ ഭാഗങ്ങളിലും മഴ ലഭിച്ചത്. ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങുകയും ചെയ്തു. റോഡുകളിലും വെള്ളം കെട്ടിയതോടെ ഗതാഗതം സാവധാനത്തിലായി. ചില ഭാഗങ്ങളില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടു.

ദോഹ, വക്‌റ ഭാഗങ്ങളില്‍ നല്ല മഴയുണ്ടായിരുന്നു. ഖത്തര്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മന്റെ് വെള്ളിയാഴ്ച തന്നെ ശക്തമായ മഴ പ്രവചിച്ചിരുന്നു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. അതേസമയം, വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചേക്കാം. കാലാവസ്ഥ മേഘാവൃതമാകുകയും ഇടിമിന്നലോടെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

40 നോട്ട് വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കും. ഈ സാഹചര്യത്തില്‍ കടലിലും തീരത്തും വിനോദത്തിന് അടക്കം പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ റെയിന്‍ഫാള്‍ എമര്‍ജന്‍സി കമ്മിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x