
ദോഹ: അല്‍ഖോര്‍ എക്‌സ്പ്രസ്‌വേ പദ്ധതിയിലുള്‍പ്പെടുന്ന മൂന്ന് പ്രധാന പാലങ്ങള്‍ ഭാഗികമായി പൊതുഗതാഗതത്തിന് തുറന്നു കൊടുത്തതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. 2019 അവസാനത്തോടെ പൂര്‍ത്തിയാകുന്ന അല്‍ഖോര്‍ എക്‌സ്പ്രസ്‌വേ പദ്ധതിയിലെ പ്രധാനപ്പെട്ട ആദ്യ നാഴികക്കല്ലായി ഇത് മാറി. പദ്ധതിയുടെ 60 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. ലുസൈല്‍, സിമൈസിമ, തിന്‍ബക്, ഉമ്മ് ഖര്‍ന് മേഖലകളിലൂടെ അല്‍ഖോറിനെ ദോഹയുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്‌വേയുടെ ആകെ നീളം 33 കിലോമീറ്ററാണ്. സിമൈസിമ ഇന്റര്‍സെക്ഷനില്‍ ഇരുവശത്തേക്കും രണ്ട് വരിപ്പാത ഉള്‍പ്പെടെയാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
ശമാല്‍ റോഡില്‍ നിന്ന് സിമൈസിമയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് പുതിയ പാലം ഏറെ പ്രയോജനം ചെയ്യും. സ്ഥലത്തെ പഴയ ഗതാഗത നിയന്ത്രണങ്ങളല്ലാം ഇതോടെ നീക്കും. ഇരുവശത്തേക്കും മൂന്ന് വരിപ്പാതയാണ് പാലത്തിലുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇതും ഗതാഗതത്തിനായി തുറന്നു കൊടുക്കും. ലുസൈലിനെയും ഓര്‍ബിറ്റല്‍ റോഡ്ട്രക്ക് റൂട്ട് എന്നിവയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാലമാണ് മറ്റൊന്ന്. ഇരുവശത്തേക്കും രണ്ട് വരിപ്പാത തന്നെയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ശമാല്‍ റോഡില്‍ നിന്നും ഓര്‍ബിറ്റല്‍ റോഡില്‍ നിന്നും അല്‍ മസ്‌റൂഅ ഇന്റര്‍ചെയ്ഞ്ച് വഴി ലുസൈലിലേക്കുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. ലുസൈല്‍ സിറ്റിയെയും അല്‍ ടര്‍ഫ റോഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു പാലമാണ് ഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുന്നത്.
മൂന്ന് പാതകളില്‍ ഇരുവശത്തേക്കും രണ്ട് വരിപ്പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. അല്‍ ശമാല്‍ റോഡില്‍ നിന്ന് ഇസ്ഗവ വഴിയും സമീപപ്രദേശങ്ങളിലൂടെയും ദോഹയിലേക്കും ലുസൈലിലേക്കുമുള്ളവര്‍ക്ക് പുതിയ റോഡ് ഇതോടെ പ്രാബല്യത്തിലായി. 2016 നവംബറിലാണ് അല്‍ഖോര്‍ എക്‌സ്പ്രസ്‌വേ നിര്‍മ്മാണത്തിന് അശ്ഗാല്‍ തുടക്കം കുറിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.