Currency

സ്ട്രീറ്റുകള്‍ വികസിപ്പിക്കാന്‍ സുഗമ പാതയൊരുക്കി അഷ്ഗാല്‍

സ്വന്തം ലേഖകന്‍Thursday, November 8, 2018 12:50 pm

ദോഹ: അല്‍ മിര്‍ഖാബ്, അല്‍ ജദീദ്, അല്‍ സദ്ദ്, ഫരീജ് അല്‍ നാസര്‍ മേഖലകളിലെ സ്ട്രീറ്റുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി അഷ്ഗാല്‍ നടപ്പാക്കുന്നു. സുഗമമായ ഗതാഗതം ഉറപ്പുവരുത്താനായി മൊത്തം ഏഴു കിമീ നീളത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഒട്ടേറെ പ്രധാനപ്പെട്ട വാണിജ്യ, താമസ, ആരോഗ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങളും പൊതുസ്ഥാപനങ്ങളും ഉള്‍പ്പെട്ട മേഖലയാണിതെന്ന് അഷ്ഗാലിലെ റോഡ്‌സ് പ്രോജക്ട്‌സ് വിഭാഗം ദോഹ സിറ്റി മേഖല മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ ഖല്‍ദി പറഞ്ഞു.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാനും റോഡ് വികസനം സഹായിക്കും. ചില സ്ട്രീറ്റുകളില്‍ ഇരുവശത്തേക്കും രണ്ടുവരി പാതയാക്കി മാറ്റും. അല്‍ നസര്‍ സ്ട്രീറ്റ്, അല്‍ കിനാന സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ അല്‍ ഖാസിം സ്ട്രീറ്റ്, സെയ്ദ് അല്‍ ഖെയ്ല്‍ സ്ട്രീറ്റ്, അല്‍ ബസതീന്‍ സ്ട്രീറ്റ്, അല്‍ സിയോള്‍ സ്ട്രീറ്റ്, യാസര്‍ ബിന്‍ അമ്മര്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി അഞ്ച് സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകളും നിര്‍മിക്കും. അല്‍ കിനാന സ്ട്രീറ്റും സെയ്ദ് അല്‍ ഖെയ്ല്‍ സ്ട്രീറ്റും ചേരുന്നിടത്ത്, സി റിങ് റോഡുമായി അല്‍ മിര്‍ഖാബ് അല്‍ ജദീദ് സ്ട്രീറ്റ് ചേരുന്നിടത്ത്, മുഹമ്മദ് ബിന്‍ അല്‍ ഖാസിം സ്ട്രീറ്റില്‍ മൂന്നിടത്ത് എന്നിവിടങ്ങളിലാണ് സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകള്‍ ആവുന്നത്.

1550 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് ബേകള്‍, തെരുവു വിളക്കുകള്‍, കാല്‍നടയാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനുള്ള സ്ഥലം, റോഡ് സൂചികകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. മഴവെള്ള നിര്‍മാര്‍ജനം, മലിനജല നിര്‍മാര്‍ജനം, ജലസേചനം എന്നിവയ്ക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തും. 12.30 കോടി റിയാല്‍ ചെലവുവരുന്ന പദ്ധതി നടപ്പാക്കുന്നത് അല്‍ ഡാര്‍വിഷ് കമ്പനിയാണ്. അടുത്ത വര്‍ഷം അവസാനം പദ്ധതി പൂര്‍ത്തിയാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x