Currency

മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത

സ്വന്തം ലേഖകന്‍Monday, November 12, 2018 12:46 pm

ദോഹ: രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഉച്ചയോടെ ആരംഭിച്ച മഴ പെട്ടെന്നു ശമിച്ചതിനാല്‍ വെള്ളക്കെട്ട് ഒഴിവായി. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഇന്നും നാളെയും മഴ തുടരാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 20നും 27നും ഖത്തറില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയായിരുന്നു 20നു പെയ്തത്. ഗള്‍ഫ് മേഖലയിലെ ന്യൂനമര്‍ദമാണു മഴയ്ക്ക് ഇടയാക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഖത്തറിന്റെ പടിഞ്ഞാറന്‍ ഭാഗത്തു രൂപമെടുത്ത മേഘങ്ങള്‍ പിന്നീട് കിഴക്കു ഭാഗത്തേക്കു നീങ്ങുകയും രാജ്യം മുഴുവന്‍ വ്യാപിക്കുകയുമായിരുന്നു. ഈ മഴ മേഘങ്ങളാണ് ഇടിയോടു കൂടിയ മഴയെത്തിച്ചത്. 4045 മിനിറ്റ് വരെയാണ് ഈ മഴ മേഘങ്ങള്‍ രൂപംകൊണ്ടത്. എന്നാല്‍, 1520 മിനിറ്റ് നേരമാണു മഴ ലഭിച്ചത്. വളരെ വേഗത്തില്‍ കിഴക്കോട്ടു നീങ്ങിയ മഴമേഘങ്ങള്‍ പിന്നീടു കടലിലേക്കു പ്രവേശിച്ചു.

അടുത്ത 36 മണിക്കൂര്‍ നേരത്തേക്കു കൂടി ഈ സാഹചര്യം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അനാലിസിസ് വിഭാഗം മേധാവി അബ്ദുല്ല മുഹമ്മദ് അല്‍ മന്നായ് പറഞ്ഞു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മിതമായ തോതില്‍ മഴ പെയ്യും. ചെറുതായി ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x