Currency

വിദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി ഒമാന്‍

സ്വന്തം ലേഖകന്‍Friday, November 16, 2018 11:44 am

മസ്‌കറ്റ്: ഒമാനിലേക്ക് എത്തുന്ന വിദേശികള്‍ക്ക് നിര്‍ബന്ധമായും ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം. സന്ദര്‍ശിക്കുവാനോ തൊഴിലിനായോ രാജ്യത്ത് എത്തുന്നവര്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

പേന ഉപയോഗിച്ച് എഴുതി നല്‍കുന്ന പാസ്‌പോര്‍ട്ട് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശത്തിനു അനുസൃതമായി ഉപയോഗിക്കുവാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുകയില്ല. എന്നാല്‍ ചില വിദേശ രാജ്യങ്ങളും ഒമാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ചില സ്ഥാനപതികാര്യാലയങ്ങളും പുതിയ പാസ്‌പോര്‍ട്ട് നല്‍കുന്നതും പുതുക്കുന്നതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയല്ല.

ഇത് രാജ്യത്ത് തങ്ങുവാനായുള്ള വിസ തയ്യാറാക്കുന്ന രേഖകളില്‍ അശ്രദ്ധ മൂലം തെറ്റുകള്‍ ഉണ്ടാക്കുവാന്‍ സാധ്യതകള്‍ കൂടുതലാണെന്നു റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ ഹിലാല്‍ ബിന്‍ സൈദ് അല്‍ വധെബി പറഞ്ഞു.

ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്ന പക്ഷം ഏത് വിസയുടെയും കാലാവധി പൂര്‍ത്തിയായതിനു ശേഷം ആവശ്യമെങ്കില്‍ കാലതാമസമില്ലാതെ വിസ പുതുക്കി നല്‍കുന്നതിനും ഏതെങ്കിലും സാഹചര്യത്തില്‍ തൊഴില്‍ ഇടങ്ങളില്‍ നിന്നും ഓടിപോയവരെ പിന്തുടരുന്നതിനു പെട്ടന്ന് സാധിക്കുമെന്നും കേണല്‍ ഹിലാല്‍ വധെബി വ്യക്തമാക്കി. കൂടാതെ രാജ്യത്ത് വിദേശികള്‍ക്ക് സ്ഥിര താമസത്തിനായി പരമാവധി രണ്ടു വര്‍ഷം കാലാവധിയുള്ള വിസകള്‍ മാത്രമായിരിക്കും നല്‍കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x