Currency

ഒമാനി ഉല്‍പന്നങ്ങളുടെ ഇറക്കുമതി: ഇന്ത്യ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍Sunday, November 18, 2018 6:47 pm

മസ്‌കത്ത്: ഒമാനി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 67,45,64,484 റിയാലിന്റെ സാധനങ്ങളാണ് ഒമാന്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം കയറ്റുമതിയാകട്ടെ 93,26,04,707 റിയാലുമായിരുന്നു.

എണ്ണയും പ്രകൃതിവാതകവുമാണ് ഒമാനില്‍നിന്നുള്ള കയറ്റുമതിയില്‍ ഏറിയ പങ്കും. ഇതോടൊപ്പം വലിയ അളവില്‍ യൂറിയയും പാരാസൈലിനും പോളിപ്രൊപ്പിലീനും കയറ്റിയയച്ചവയില്‍പ്പെടും. പ്രധാനമായും സുഹാര്‍ തുറമുഖത്തുനിന്ന് കടല്‍വഴിയാണ് ഈ കയറ്റുമതിയില്‍ ഏറെയും നടന്നതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ജൂലൈ വരെ കാലയളവില്‍ 25,68,13,558 റിയാലിന്റെ സാധനങ്ങള്‍ ഇന്ത്യയില്‍നിന്ന് ഒമാന്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയക്ഷി വ്യാപാരം വര്‍ധിച്ചുവരുകയാണെന്ന് ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു. ഉഭയകക്ഷി വ്യാപാരം ഇനിയും വര്‍ധിപ്പിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. എംബസിയുടെ കണക്കുകള്‍ പ്രകാരം 2017-2018 വര്‍ഷത്തിലെ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1641.75 ദശലക്ഷം റിയാല്‍ അഥവാ 4,264.29 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇക്കാലയളവില്‍ നടന്നതെന്ന് എംബസി കണക്കുകള്‍ കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x