
ദോഹ: പൊതുപരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. നാല് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദിയാണ് ഉത്തരവ് പുറത്തിറക്കിയത്. പരീക്ഷയില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസില്‍ പരാജയപ്പെട്ടതായി കണക്കാക്കുകയും ക്യാന്‍സല്‍ഡ് എന്ന് സീല്‍ ചെയ്യുന്നതോടെ ഈ വിദ്യാര്‍ഥിക്ക് ആ വിദ്യാഭ്യാസ വര്‍ഷത്തെ പഠനം നഷ്ടപ്പെടുകയും ചെയ്യും.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട രണ്ടു നിയമങ്ങള്‍ ഭേദഗതി ചെയ്താണിത്. പരീക്ഷാഹാളില്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന വയറുള്ളതോ അല്ലാത്തതോ ആയ ഉപകരങ്ങള്‍ കൊണ്ടുവന്നാലും നടപടി എടുക്കും. ഇവ ഉപയോഗിച്ചോ ഇല്ലയോ എന്നത് നോക്കാതെയാണ് നടപടി സ്വീകരിക്കുന്നത്. പരീക്ഷയിലെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഉപകരിക്കുന്ന രീതിയിലുള്ള യാതൊരു ഉപകരണങ്ങളും പരീക്ഷാ ഹാളില്‍ കൈവശം വെക്കാന്‍ പാടില്ല.
പൊതു പരീക്ഷാ സംവിധാനത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും തരത്തിലുള്ള ക്യാമ്പയിനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും പരാജയപ്പെട്ടതായി കണക്കാക്കും. സമാനമായ തെറ്റുകള്‍ ചെയ്തതായി കണ്ടെത്തിയാല്‍ 12ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കെതിരെയും ഇതേ ശിക്ഷാരീതിയാണ് സ്വീകരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.