
ഒമാന്‍: ഒമാനിലെ വിവിധ കമ്പനികളില്‍ വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആളുകള്‍ ജോലി ചെയ്യുന്നതായ റിപ്പോര്‍ട്ടുകള്‍ കര്‍ശനമായി നിരീക്ഷിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഡയറക്ടര്‍ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമാണെന്ന് ഉറപ്പിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ 2012 ഡിസംബര്‍ മുതല്‍ പ്രാബല്ല്യത്തിലുണ്ട്. ഒമാന്‍ പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും തുല്ല്യതാ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക നിയമവും പാസാക്കിയിട്ടുണ്ട്. ഇത് പ്രകാരം വിദേശ സര്‍വകലാശാലകള്‍ നല്കുന്ന എല്ലാത്തരം സര്‍ട്ടിഫിക്കറ്റുകളും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം. അല്ലാത്ത പക്ഷം അവയെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളായി കണക്കാക്കുകയില്ല.
വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് ജി.സി.സി രാജ്യങ്ങള്‍ പൊതുവായാണ് രൂപം നല്‍കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.