Currency

ഡെങ്കിപ്പനി: ഒമാനില്‍ കൊതുകുനിര്‍മാര്‍ജനത്തിന് വിപുലമായ കര്‍മപരിപാടി

സ്വന്തം ലേഖകന്‍Sunday, December 16, 2018 12:21 pm

മസ്‌കത്ത്: ഒമാനില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുകയും രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ സീബില്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ കൊതുകുനിര്‍മാര്‍ജനത്തിന് വിപുലമായ കര്‍മപരിപാടികളുമായി മസ്‌കത്ത് നഗരസഭ അധികൃതര്‍ രംഗത്തെത്തി. ഈഡിസ് ഈജിപ്തി കൊതുകിനെ കണ്ടെത്തിയ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച പരിശോധനയും സര്‍വേയും സംഘടിപ്പിച്ചതായി സീബ് വിലായത്തിലെ മസ്‌കത്ത് നഗരസഭ ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി.

വിലായത്തിലെ അല്‍ ഹില്‍, മുവാഹില്‍ പ്രദേശങ്ങളില്‍ ഫോഗിങ് നടത്തി. കൊതുകു നിവാരണ യജ്ഞത്തോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ അധികൃതര്‍ അഭ്യര്‍ഥിച്ചു. കൊതുകുകളെ തുരത്തുന്നതിനും കൊതുകുകടി ഏല്‍ക്കാതിരിക്കുന്നതിനും നിരവധി നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊതുകുകടിയില്‍നിന്ന് രക്ഷനേടാന്‍ ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ കുപ്പായങ്ങള്‍ ധരിക്കാനും കൊതുകുകളെ അകറ്റുന്ന ഓയിന്റ്‌മെന്റുകള്‍ ശരീരത്തില്‍ പുരട്ടാനും അധികൃതര്‍ നിര്‍ദേശിച്ചു. ജനാലകളില്‍ നെറ്റിട്ട് പ്രാണികള്‍ അകത്തുകടക്കുന്നത് തടയണം. വീടിന് അകത്ത് പ്രാണിനാശിനി തളിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

കൊതുകുകളുടെ പ്രജനനം തടയുന്നതിന് ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നീന്തല്‍കുളങ്ങള്‍, ഫൗണ്ടനുകള്‍, കാര്‍ഷികാവശ്യത്തിനുള്ള കുടങ്ങള്‍ എന്നിവയിലെ വെള്ളം അഞ്ച് ദിവസം കൂടുമ്പോള്‍ മാറ്റണം. ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളില്‍ വീണ്ടും വെള്ളം നിറക്കുന്നതിനുമുമ്പ് പാത്രത്തില്‍ ബാക്കിയുള്ള വെള്ളം ഒഴുക്കി കളയണം. ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകള്‍ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഡെങ്കിപ്പനി മാത്രമല്ല മറ്റു നിരവധി വൈറല്‍ രോഗങ്ങളും ഈഡിസ് ഈജിപ്തി കൊതുക് പരത്തുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. പീതജ്വരം, സിക രോഗം എന്നിവ പരത്തുന്നതും ഇവയാണ്. കൊതുകുകളെ നശിപ്പിക്കാനുള്ള ശ്രമത്തില്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x