Currency

രോഗികളുടെ അവകാശങ്ങള്‍ വ്യക്തമാക്കിയുള്ള ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഖത്തറിന്റെ നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, January 8, 2019 12:48 pm

ദോഹ: ഖത്തറില്‍ രോഗികളുടെ അവകാശങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ആരോഗ്യ മന്ത്രാലയം. ആശുപത്രികളുടെ പ്രധാന സ്ഥലങ്ങളില്‍ ഇക്കാര്യം പ്രത്യേകം ബോര്‍ഡുകളായി പതിക്കണമെന്നാണ് നിര്‍ദേശം.

രോഗികളുടെ അവകാശങ്ങളുടെ ആശുപത്രികളുടെ ചുമതലകളും വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന തരത്തിലാകണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. ആശുപത്രികളുടെ പ്രധാന ഭാഗങ്ങളില്‍ തന്നെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. നേരത്തെ തന്നെ നിലവിലുള്ള നിയമങ്ങളാണെങ്കിലും കൃത്യമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും നിര്‍ദേശം പുറത്തിറക്കിയത്.

രാജ്യത്തെ ആരോഗ്യ മേഖലയിലെ സംവിധാനങ്ങളുടെ കൃത്യത രോഗികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രാലയം തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗികള്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇടയില്‍ നല്ല ബന്ധം സ്ഥാപിക്കാന്‍ ഇത് മൂലം സാധ്യമാകും.

രോഗികള്‍ക്ക് അവരുടെ അവകാശങ്ങള്‍ എന്തെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ തന്നെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ഥാപനങ്ങളുമായി മാന്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ രോഗികളുടെ ഭാഗത്ത് നിന്ന് പ്രത്യേക ശ്രദ്ധയും ഇതിലൂടെ ഉണ്ടായി തീരുമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ സൂചിപ്പിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x