
മസ്‌കറ്റ്: ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയര്‍ന്നെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയം ആരോഗ്യ സേവന വിഭാഗത്തില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി. അഡ്മിനിസ്ട്രേഷനില്‍ 96 ശതമാനവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിഭാഗത്തില്‍ 99 ശതമാനവുമാണ് സ്വദേശിവത്കരണത്തിന്റെ കണക്ക്. ഡോക്ടര്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്സ് എന്നീ തസ്തികകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധനവുണ്ടായി.
2017 കാലയളവില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഓരോ 10,000 പേരിലും 20 ഡോക്ടര്‍മാരും 43.4 നഴ്സുമാരുമുണ്ടായിരുന്നു. 1990ല്‍ ഒമ്പത് ഡോക്ടര്‍മാരും 26 നഴ്സുമാരും ഉണ്ടായിരുന്ന സ്ഥാനത്താണിത്. നഴ്സ് ഡോക്ടര്‍ അനുപാതം 2.2ഉം മെഡിക്കല്‍ ഓഫീസര്‍ സ്പെഷ്യലിസ്റ്റ് അനുപാതം 1.3ഉം ആയി ഉയര്‍ന്നു. സ്വകാര്യ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരില്‍ 25 ശതമാനവും ദന്ത ഡോക്ടര്‍മാരിലും ഫാര്‍മസിസ്റ്റുകളിലും 73 ശതമാനവും സ്വദേശികളാണ്.
21 സ്വകാര്യ ആശുപത്രികളാണ് രാജ്യത്തുള്ളത്. 468 ജനറല്‍ ക്ലിനിക്കുകളും 232 പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായുള്ളു ക്ലിനിക്കുകളും 289 ഡെന്റല്‍ ക്ലിനിക്കുകളും 51 ഇന്ത്യന്‍ ചൈനീസ് ക്ലിനിക്കുകളും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 672 സ്വകാര്യ ഫാര്‍മസികളും നിലവില്‍രാജ്യത്തുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.