Currency

ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 ന് ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, January 10, 2019 3:47 pm

മസ്‌കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 15ന് ആരംഭിക്കും. മസ്‌കത്ത്, വാദി കബീര്‍, ദാര്‍സൈത്ത്, ഗുബ്‌റ, സീബ്, മബേല എന്നീ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കൊപ്പം പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന അല്‍ അവാബി ഇന്ത്യന്‍ സ്‌കൂളിലേക്കും ഈ വര്‍ഷം പ്രവേശനം നല്‍കും.

വര്‍ഷങ്ങളായി ചില സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം ഈ വര്‍ഷം ഉണ്ടാവില്ല. നിലവില്‍ ഷിഫ്റ്റില്‍ 3500ലധികം കുട്ടികളാണ് പഠിക്കുന്നത്. അല്‍ അവാബി സ്‌കൂളില്‍ 4000 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കാന്‍ സാധിക്കും. ഗുബ്‌റയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അവാബിയുടെ ഫീഡര്‍ സ്‌കൂളും ഈ വര്‍ഷം നിര്‍ത്തലാക്കും. നിലവില്‍ ഇവിടെ പഠിക്കുന്ന കുട്ടികളെ അല്‍ അവാബിയിേലക്ക് മാറ്റാനാണ് സാധ്യത.

സ്‌കൂള്‍ പ്രവേശനത്തിന് മുന്‍ വര്‍ഷങ്ങളിലെ മാനദണ്ഡങ്ങള്‍ തന്നെയാണുണ്ടാവുക. കെ.ജി ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലേക്കാണ് അപക്ഷകള്‍ സ്വീകരിക്കുക. അപേക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് ഏതെങ്കിലും ഇന്ത്യന്‍ സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കുട്ടിയുടെ വിസ പേജ് ഉള്‍പ്പെടെയുള്ള പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും രക്ഷിതാവിന്റെ റെസിഡന്റ് കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷാ ഫീസും നല്‍കണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനും സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കാനും ഫെബ്രുവരി മധ്യം വരെ സൗകര്യമുണ്ടാവും.

സ്‌കൂളുകളിലെ സീറ്റൊഴിവുകള്‍ അനുസരിച്ച് അപേക്ഷകരില്‍ നിന്ന് ഓണ്‍ലൈന്‍ നറുക്കെടുപ്പ് നടത്തിയാണ് പ്രവേശനം നല്‍കുക. പുതുതായി ആരംഭിക്കുന്ന അല്‍ അവാബി സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നത് റൂവി മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. യാത്രാപ്രശ്‌നമാണ് റൂവിയിലെ താമസക്കാര്‍ക്ക് വെല്ലുവിളിയാവുക. എന്നാല്‍, അല്‍ അവാബി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ കളിസ്ഥലം, സ്വിമ്മിങ് പൂള്‍, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം എന്നിവ കുട്ടികളെ അല്‍ അവാബിയിലേക്ക് ആകര്‍ഷിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x