Currency

ഒമാനില്‍ പുതിയ സ്വകാര്യ കോളേജുകള്‍ക്കുള്ള നിരോധനം നീട്ടി

സ്വന്തം ലേഖകന്‍Thursday, January 17, 2019 3:31 pm

മസ്‌കത്ത്: ഒമാനില്‍ പുതിയ സ്വകാര്യ കോളജുകളും സര്‍വകലാശാലകളും അനുവദിക്കുന്നതിനുള്ള നിരോധനം നീട്ടാന്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി നിരോധം നീട്ടാന്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ യോഗമാണ് തീരുമാനമെടുത്തത്.

ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയുടെ രക്ഷാകര്‍തൃത്വത്തിലാണ് യോഗം നടന്നത്. 2040ലേക്കുള്ള ദേശീയ വിദ്യാഭ്യാസ കര്‍മ പരിപാടിയും യോഗം ചര്‍ച്ച ചെയ്തു. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ അവസ്ഥ സംബന്ധിച്ച് സെക്രേട്ടറിയറ്റ് ജനറല്‍ തയാറാക്കിയ റിപ്പോര്‍ട്ടും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ സേവനങ്ങള്‍ ഉറപ്പാക്കാനും ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അവരെ രൂപപ്പെടുത്തിയെടുക്കുന്നതിനും പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും എജ്യുക്കേഷന്‍ കൗണ്‍സില്‍ നല്‍കി. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ വിഷയത്തില്‍ ദേശീയ കര്‍മ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഈ പ്രത്യേക കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകും നടക്കുക. മുസന്ദമില്‍ ടെക്‌നികല്‍ കോളജ് സ്ഥാപിക്കുന്നത് സംബന്ധിച്ച മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും യോഗം അവലോകനം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x