
ദോഹ: ഖത്തറിലെ ഡ്രൈവിങ് പഠനവുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. എല്ലാ ഡ്രൈവിങ് സ്കൂളുകളിലും അടുത്ത മാസം മുതല്‍ ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കും. നിലവിലുള്ള സംവിധാനത്തിലെ പിഴവുകളും അപാകതകളും പൂര്‍ണമായി പരിഹരിച്ച് സര്‍ക്കാര്‍ സ്ഥാപനമായ കര്വയുടേയും സ്വകാര്യ ഡ്രൈവിങ് സ്കൂളുകളിലെയും പാഠ്യപദ്ധതി ഏകീകരിക്കും. റോഡ് അടയാളങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍, ഏറ്റവും പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും, പ്രാഥമിക ശുഷ്രൂഷ, പെരുമാറ്റ രീതി എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തും.
ഡ്രൈവിങിനിടെയുള്ള പെരുമാറ്റത്തിന് ഊന്നല്‍ നല്‍കും. പരിശീലനം പൂര്‍ണമായും നിയന്ത്രണവിധേയമാക്കും. പഠിതാക്കളുടെ സ്കൂള്‍ പ്രവേശനം, പുറത്തുപോകല്‍, എത്ര മണിക്കൂര്‍ പരിശീലനം ലഭിക്കുന്നു എന്നതെല്ലാം നിരീക്ഷണവിധേയമാക്കും. ട്രാഫിക് വകുപ്പ് പ്രത്യേക സ്ഥാപനത്തിന്റെ സഹായത്തോടെ പാഠ്യപദ്ധതി മേല്‍നോട്ടം വഹിക്കും. ഡ്രൈവിങ് പരിശീലനത്തില്‍ വൈദഗ്ധ്യമുള്ള കമ്പനിയായിരിക്കും ഇത്.
ഇവയുടെ പ്രതിനിധി എല്ലാ സ്കൂളുകളിലുമുണ്ടാകും. ഓരോ പഠിതാവിനും പരിശീലകനും പ്രത്യേക കാര്‍ഡുകള്‍ നല്‍കും. ഡ്രൈവിങ് ടെസ്റ്റില്‍ ക്രമക്കേടുകളുണ്ടാകാനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ കൂടിയാണ് നടപടികള്‍. ഇത്ര മണിക്കൂറുകള്‍ പരിശീലനത്തില്‍ പങ്കെടുത്തിരിക്കണമെന്ന് നിബന്ധനയുണ്ടാകും.
സ്കൂളുകളില്‍ ഏകീകൃത സ്മാര്‍ട്ട് ട്രെയിനിങ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനെട്ടിലധികം ഭാഷകളില്‍ ഏകീകൃത പാഠ്യപദ്ധതി തയാറാക്കാന്‍ തീരുമാനിച്ചതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.