
ദോഹ: വിവിധ ജോലികള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മെട്രാഷ് രണ്ട് ആപ്പിലും ലഭ്യമാകും. പൗരന്മാര്ക്കും രാജ്യത്തെ വിദേശികള്‍ക്കും മെട്രാഷ് വഴി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി മുതല്‍ മെട്രാഷ് വഴി അപേക്ഷ നല്കാന് സാധിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡെവലപ്മെന്റ് സിസ്റ്റംസുമായി സഹകരിച്ചാണ് സിഇഐഡി (ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഖത്തരികള്‍ക്കായി പ്രത്യേക ഓഫീസും സിഇഐഡി തുറന്നുപ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളിലെ ജോലി സംബന്ധമായും വിദേശത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കും ഉടന്‍ തന്നെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്. മെട്രാഷ് രണ്ടിന് പുറമേ, ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.