Currency

ഒമാനില്‍ വിസ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി

സ്വന്തം ലേഖകന്‍Monday, February 4, 2019 8:03 pm

മസ്‌കത്ത്: ഒമാനില്‍ 87 തസ്തികകളില്‍ വിദേശികള്‍ക്കുള്ള വിസാ വിലക്കിന്റെ കാലാവധി നീട്ടുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. ആറുമാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ഇത് സംബന്ധിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി 28നാണ് സ്വകാര്യ മേഖലയിലെ പത്ത് വിഭാഗങ്ങളിലായുള്ള തസ്തികകളില്‍ വിദേശികളെ ജോലിക്കെടുക്കുന്നതിന് ആറു മാസത്തെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിന്റെയും തൊഴില്‍ മാര്‍ക്കറ്റ് ക്രമപ്പെടുത്തുന്നതിന്റെയും ഭാഗമായുള്ള ഈ തീരുമാനത്തിന്റെ കാലാവധി കഴിഞ്ഞ ജൂലൈയില്‍ ആറു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ആറു മാസം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

ഐ.ടി, അക്കൗണ്ടിങ് ആന്റ് ഫൈനാന്‍സ്, മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്.ആര്‍, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍/മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എഞ്ചിനീയറിങ്, ടെക്‌നികല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ ഇനി 2019 ജൂലൈ അവസാനം വരെ പുതിയ വിസ ലഭിക്കില്ല. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കാന്‍ തടസങ്ങള്‍ ഉണ്ടാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x