Currency

ഇന്ത്യക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങിന് പുതിയ ഇ.എം.ഐ സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വേസ്

സ്വന്തം ലേഖകന്‍Friday, February 8, 2019 1:02 pm

ദോഹ: ഖത്തര്‍ എയര്‍വേസ് ഇന്ത്യക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്കിങിന് അവസരമൊരുക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ അവസരം വിനിയോഗിക്കാനാവുക. ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റില്‍ പേയ്മെന്റ് ഓപ്ഷനില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്കുള്ള സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ പേര് കാണിക്കുന്നയിടത്ത് ക്ലിക്ക് ചെയ്യുമ്പോഴാണ് പുതിയ ഇ.എം.ഐ സൗകര്യത്തെക്കുറിച്ച് പറയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിശ്ചിത ബാങ്കുകളുടെ ക്രെഡിറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ തവണ വ്യവസ്ഥയില്‍ പണമടക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ തുക ഇ.എം.ഐ ആയി അടച്ചതിന് ശേഷം പന്ത്രണ്ട് മാസം കൊണ്ട് മുഴുവന്‍ തുക അടച്ചാല്‍ മതിയാകും. പ്രതിവാരം 102 സര്‍വീസുകള്‍ ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളുണ്ട്.

ആക്സിസ് ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊടാക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x