
ഒമാന്‍: ബിനാമി കച്ചവടക്കാര്‍ക്കെതിരായ നടപടി കര്‍ക്കശമാക്കാന്‍ ഒമാന്‍ വ്യവസായ-വാണിജ്യ വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക നിയമനിര്‍മാണമടക്കം പരിഗണനയിലാണ്. ഒമാനി പൗരന്റെ പേരും ലൈസന്‍സും ഉപയോഗിച്ച് വിദേശികള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്.
ലൈസന്‍സ് ഉടമ സ്വദേശിയായതിനാല്‍ സര്‍ക്കാരിന്റെ ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങളെല്ലാം ഇവര്‍ക്കും ലഭിക്കുമെന്നതാണ് ഇത് ആകര്ഷകമാകാന് കാരണം. സ്വദേശികള്‍ തങ്ങളുടെ വാണിജ്യ രജിസ്ട്രേഷനും ലൈസന്‍സും ഒരു തുക നിശ്ചയിച്ച് വിദേശി തൊഴിലാളിക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുകയാണ് ചെയ്യുന്നതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.
വിദേശ നിക്ഷേപകന് മറ്റൊരു വിദേശ തൊഴിലാളിയെ തന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതും ബിനാമി കച്ചവടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ബിനാമി കച്ചവടം നടത്തുന്ന വിദേശികള്‍ തങ്ങളുടെ സ്വന്തം രാജ്യക്കാരെയാകും ജോലിക്കായി വെക്കുക. ഇത് സ്വദേശികളുടെ തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമാകും. ഇത് സ്വദേശിവത്കരണ നയങ്ങളെ പ്രതികൂലമായി ബാധിക്കും.
രാജ്യത്തിന്റെ വളര്‍ച്ചയെയും വളര്‍ച്ചാ സൂചികകളെയും ബാധിക്കുന്നതിന് ഒപ്പം സ്വദേശികള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് നീതിയുക്തമല്ലാത്ത മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതും മുന്‍ നിര്‍ത്തിയാണ് പുതിയ നിയമ നിര്‍മാണം ആലോചിക്കുന്നതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.