
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ജനറല്‍ ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തില്‍ വരുന്നത് വന്‍ സൗകര്യങ്ങള്‍. നിലവിലെ അത്യാഹിത വിഭാഗത്തിന്റെ എതിര്‍വശത്തായാണ് പുതിയ കെട്ടിടം. നിലവിലെ വകുപ്പിന്റെ നാലിരട്ടി വലുതാണ് പുതിയ കേന്ദ്രം. ഡയഗ്നോസ്റ്റിക്, തെറാപ്യൂട്ടിക് സേവനങ്ങള്‍ ലഭ്യമാക്കും. ഹമദ് ജനറല്‍ ആശുപത്രി കെട്ടിടങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്നുമുണ്ട്്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതായി പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍കുവാരി വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടിയെടുത്തുന്ന കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനും അവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ഈ വര്‍ഷം തന്നെ കെട്ടിടം തുറക്കും. നിലവിലുള്ള അത്യാഹിത ചികിത്സാകേന്ദ്രത്തേക്കാള് കൂടുതല്‍ സ്ഥലസൗകര്യവും യൂണിറ്റുകളുമുണ്ടാകും. 30,000 സ്ക്വയര്‍മീറ്ററിലായാണ് പുതിയ അത്യാഹിത കെട്ടിടം. ഇതില്‍ 27,000 സ്ക്വയര്‍മീറ്റര്‍ പുതിയ കെട്ടിടവും ഏകദേശം 3000 സ്ക്വയര്‍മീറ്റര്‍ പഴയ കെട്ടിടം നവീകരിച്ച് വികസിപ്പിച്ചതുമാണ്.
നാലുനിലകളിലായി 297 ചികിത്സാ റൂമുകളാണുള്ളത്. പ്രത്യേക അത്യാഹിത പരിചരണത്തിന്റെ കാര്യത്തില്‍ മേഖലയിലെതന്നെ ഏറ്റവും വലിയ കേന്ദ്രമാണിത്. 14 ഓപ്പറേറ്റിങ് റൂമുകളും വിവിധതരം ഡയഗ്നോസ്റ്റിക് റേഡിയോളജിക്കായി 23 റൂമുകളുമുണ്ടാകും. 798 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ബഹുനില പാര്‍ക്കിങ് സൗകര്യവുമുണ്ട്. ഏറ്റവും തിരക്കേറിയ അത്യാഹിത വിഭാഗങ്ങളിലൊന്നാണ് ഹമദിലേത്. കഴിഞ്ഞവര്‍ഷം മാത്രം 4,29,000 പേരാണ് ഇവിടെമാത്രം എത്തിയത്. എച്ച്എംസിയുടെ എല്ലാ അത്യാഹിത കേന്ദ്രങ്ങളിലുമായി കഴിഞ്ഞവര്‍ഷം 12ലക്ഷം പേരാണ് എത്തിയത്. 2016നും 2018നും ഇടയില്‍ അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരുടെ എണ്ണത്തില്‍ 2.2 ശതമാനത്തിന്റെ വര്‍ധനവുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.