Currency

ഡ്രോണ്‍ ഉപയോഗ അനുമതി കമ്പനികള്‍ക്ക് മാത്രം

സ്വന്തം ലേഖകന്‍Monday, February 18, 2019 12:28 pm

മസ്‌കത്ത്: ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള അപേക്ഷ കമ്പനികളില്‍നിന്ന് മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു. ഡ്രോണുകള്‍ അല്ലെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്ന വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി കമ്പനികള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിട്ടുള്ള സംവിധാനത്തിനാണ് നിലവില്‍ രൂപം നല്‍കിയിട്ടുള്ളത്. ആളില്ലാ പേടകങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ആവശ്യമുള്ള കമ്പനികള്‍ എ.ഡബ്ല്യു.ആര്‍.ഒ 33 എന്ന ഫോറം പൂരിപ്പിക്കുകയും ബന്ധപ്പെട്ട അധികൃതരില്‍നിന്ന് സമ്മതപത്രം (എന്‍.ഒ.സി) നേടുകയും വേണം.

റോയല്‍ ഒമാന്‍ പൊലീസ്, നാഷനല്‍ സര്‍വേ അതോറിറ്റി, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് തുടങ്ങിയവയില്‍നിന്നുള്ള എന്‍.ഒ.സി ഇതില്‍ ഉള്‍പ്പെടും. ചിത്രമെടുക്കുന്ന ആവശ്യത്തിന് ഡ്രോണ്‍ ഉപയോഗിക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ബന്ധപ്പെട്ട സൈനിക വിഭാഗത്തില്‍നിന്ന് അനുമതി നേടേണ്ടിവരും. നാഷണല്‍ സര്‍വേ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഏകീകരിക്കുക. സിനിമാ നിര്‍മാണത്തിന് ഡ്രോണുകള്‍ ഉപേയാഗിക്കാനുള്ള അംഗീകാരം ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് നല്‍കുക.

ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന കമ്പനികള്‍ നിശ്ചിത ഫീ അടക്കണം. അംഗീകാരം നല്‍കുന്നതിന് മുമ്പ് ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും അധികൃതര്‍ കമ്പനികള്‍ക്ക് വിശദീകരിച്ച് നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x