
ദോഹ: പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ ഖത്തറിലെ 28 സ്വകാര്യ സ്‌കൂളുകള്‍ക്ക് 3% മുതല്‍ 10% വരെ ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. നിലവിലുള്ള ട്യൂഷന്‍ ഫീസിലാണ് വര്‍ധന വരിക. കിന്റര്‍ഗാര്‍ടനുകള്‍ ഉള്‍പ്പെടെ ഖത്തറില്‍ 287 പ്രൈവറ്റ് സ്‌കൂളുകളാണ് ഉള്ളത്.
അനുമതി ലഭിച്ചവയില്‍ ഇന്ത്യന്‍, യുകെ, യുഎസ് സ്‌കൂളുകള്‍ ഉള്‍പ്പെടുന്നു. സ്‌കൂളുകളുടെ ധനസ്ഥിതി റിപ്പോര്‍ട്ട്, വിദ്യാഭ്യാസ സൗകര്യങ്ങളില്‍ വരുത്തിയ മികവ്, വരുമാനകമ്മി, സ്‌കൂള്‍ ബില്‍ഡിങ് നവീകരണം, നിര്‍മാണം, വാടകകെട്ടിടത്തിലാണോ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുന്നതെന്ന് പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിങ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി പറഞ്ഞു. കിന്റര്‍ഗാര്‍ടനുകള്‍ ഉള്‍പ്പെടെ 15 സ്‌കൂളുകള്‍ക്ക് 3% ഫീസ് വര്‍ധനയ്ക്കാണ് അനുമതി.
രണ്ടു സ്‌കൂളുകള്‍ക്കു മാത്രമാണ് 10% വര്‍ധന. ഓരോ സ്‌കൂളിനു വീതം 8, 6, 4% വര്‍ധനക്ക് അനുമതി നല്‍കി. മൂന്നു സ്‌കൂളുകള്‍ക്ക് 7% ഫീസ് കൂട്ടാനാണ് അനുമതി. അവശേഷിക്കുന്ന 5 സ്‌കൂളുകളില്‍ 5% ആണ് ഫീസ് കൂടുക. എന്നാല്‍ ഓരോ സ്‌കൂളുകളിലേയും വര്‍ധന എത്രയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. ഫീസ് വര്‍ധനക്ക് ഇത്തവണ അപേക്ഷിച്ചത് 126 സ്‌കൂളുകളാണ്. ഇതില്‍ 98 അപേക്ഷകളും നിരസിക്കപ്പെട്ടു.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, അല്‍ വക്രയിലും സലാത്തയിലും ഓള്‍ഡ് എയര്‍പോര്‍ട്ടിനു സമീപത്തുമുള്ള ഭവന്‍സ് പബ്ലിക് സ്‌കൂളുകള്‍ എന്നിവയാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി ലഭിച്ച ഇന്ത്യന്‍ സ്‌കൂളുകള്‍.
ഇതില്‍ ഐഡിയലിനും ശാന്തിനികതനും അടുത്ത വര്‍ഷം മുതല്‍ രണ്ടു ഷിഫ്റ്റുകളിലായി പഠനം നടത്താന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ വിദ്യാഭ്യാസ വര്‍ഷത്തിലാണ് പുതിയ ഫീസ് നിരക്ക് ഈ സ്‌കൂളുകളില്‍ പ്രാബല്യത്തിലാകുക. അടുത്ത സ്‌കൂള്‍ വര്‍ഷത്തേക്കുള്ള കുട്ടികളുടെ റജിസ്ട്രേഷന്‍ മാര്‍ച്ച് 3ന് ആരംഭിക്കും. ഒക്ടോബര്‍ 17 വരെ റജിസ്ട്രേഷന് അവസരം ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.