
ദോഹ: യുവ പ്രഫഷനലുകള്‍ക്ക് ഔദ്യോഗിക ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ മുന്നില്‍. 75 വ്യത്യസ്ത ഘടകങ്ങള്‍ വിലയിരുത്തി യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ആഗോള മാര്‍ക്കറ്റിങ്, വാര്‍ത്താവിനിമയ കമ്പനിയായ വിഎംഎല്‍വൈആറുമായി സഹകരിച്ചു തയാറാക്കുന്ന ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങിലാണു ഖത്തര്‍ പാശ്ചാത്യ രാജ്യങ്ങളെ പിന്തള്ളി ഒന്നാമതെത്തിയത്.
തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോകരാജ്യമെന്ന പദവിയും ഖത്തറിനാണ്. ഖത്തര്‍ ജനസംഖ്യയുടെ നാലിലൊന്നും 25 വയസ്സിനു താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. വളരുന്ന സമ്പദ്വ്യവസ്ഥ, 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യവികസനം, വന്‍തോതിലുള്ള നിക്ഷേപം, അറബ് രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ കായികകേന്ദ്രം തുടങ്ങി ഒട്ടേറെ ഘടകങ്ങളാണ് ഖത്തറിനെ ആഗോള കരിയര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത്.
2030 ആകുമ്പോഴേക്കും എണ്ണ, പ്രകൃതിവാതക ആശ്രിതത്വത്തില്‍ നിന്നു മാറി ഖത്തറിനെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കു മാറ്റാനാണ് ദേശീയദര്‍ശനരേഖ വിഭാവനം ചെയ്യുന്നത്. ഇതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കൊപ്പം ഫിഫ ലോകകപ്പിനായുളള വന്‍ നിക്ഷേപവും ഖത്തറിനെ യുവപ്രഫഷനലുകള്‍ക്ക് ഔദ്യോഗിക ജീവിതം തുടങ്ങാന്‍ പറ്റിയ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുന്നുവെന്നാണു കരിയര്‍ റാങ്കിങ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
മികച്ച തൊഴില്‍ വിപണി, സ്ഥിരതയുള്ള സമ്പദ്വ്യവസ്ഥ സംരംഭകത്വശേഷി, വരുമാനതുല്യത, പുതിയ സാങ്കേതികതകള്‍ സ്വാംശീകരിക്കുന്നതിലെ മികവ് എന്നിങ്ങനെ 7 വ്യത്യസ്ത ഘടകങ്ങള്‍ക്കു തുല്യപ്രാധാന്യം നല്‍കിയാണ് അന്തിമ റാങ്കിങ് നിര്‍ണയം. കരിയര്‍ റാങ്കിങ്ങില്‍ രണ്ടാമതു തുര്‍ക്കിയും മൂന്നാമത് യുഎഇയുമാണ്. റഷ്യ, ഫ്രാന്‍സ്, യുക്രെയ്ന്‍, സ്പെയിന്‍, യുകെ, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളാണ് നാലുമുതല്‍ 10 വരെ സ്ഥാനങ്ങളില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.