Currency

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്കായി പ്രത്യേക നഗരങ്ങള്‍ വരുന്നു

സ്വന്തം ലേഖകന്‍Wednesday, February 27, 2019 12:07 pm

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വിദേശ തൊഴിലാളികള്‍ക്കായി പ്രത്യേക നഗരങ്ങള്‍ നിര്‍മിക്കുന്നു. മസ്‌കറ്റ്, സൊഹാര്‍, സലാല മേഖലകളിലാണ് വിദേശ തൊഴിലാളികള്‍ക്കായുള്ള പ്രത്യേക നഗരങ്ങള്‍ നിര്‍മാണമാരംഭിക്കുന്നത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ, റുസൈലില്‍ ഇതിനായുള്ള ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

വിനോദ സൗകര്യങ്ങള്‍ ഉള്‍പെടുത്തി നിര്‍മിക്കുന്ന പദ്ധതി അടുത്ത വര്‍ഷം അവസാനം പൂര്‍ത്തിയാകും. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് പദ്ധതി ആശ്വാസമാകും. ഒരു സ്ഥലത്തു പതിനായിരം തൊഴിലാളികള്‍ക്കായുള്ള താമസ സൗകര്യങ്ങള്‍ ആയിരിക്കും ഒരുക്കുക. 850 മുറികളുള്ള വിവിധ കെട്ടിടങ്ങളുടെ ഓരോ നിലകളിലും ഭക്ഷണം കഴിക്കുവാനും, വിശ്രമിക്കുവാനുമുള്ള ഹാളുകള്‍ ഉണ്ടാകും.

ഇതിനു പുറമെ ഫാര്‍മസികള്‍, ക്ലിനിക്കുകള്‍, പണ വിനിമയ സ്ഥാപനങ്ങള്‍, സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ബാങ്കുകളുടെ എ ടി എം. മെഷ്യനുകള്‍ എന്നിവയും ഉണ്ടാകും. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് മേഖലകളിലായി പൂര്‍ത്തീകരിക്കപെടുന്ന പ്രത്യേക നഗരങ്ങളില്‍ നാല്‍പത്തിനായിരത്തോളം തൊഴിലാളികള്‍ക്ക് താമസ സൗകര്യങ്ങള്‍ തയ്യാറാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x