Currency

ബയോമെട്രിക് തിരിച്ചറിയല്‍ നിയമത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Saturday, March 2, 2019 2:19 pm

ദോഹ: ബയോമെട്രിക് വിവരശേഖരം ഉപയോഗപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് സിഗ്‌നേച്ചര്‍ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് നിയമം കൈമാറി. വിപുലമായ ബയോമെട്രിക് വിവരശേഖരണത്തിന് അധികൃതര്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ആധുനിക ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശബ്ദം, കൃഷ്ണമണി, മുഖം, വിരലടയാളം, കൈപ്പത്തികള്‍, പല്ലുകള്‍ എന്നിവയുടെ പ്രത്യേകതകളാണ് ശേഖരിക്കുക.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ അമീരിദീവാനില്‍ മന്ത്രിസഭാ യോഗമാണ് കരടുനിയമത്തിന് അംഗീകാരം നല്‍കിയത്. ആള്‍മാറാട്ടങ്ങള്‍ തടയുക, സംശയാതീതമായി വ്യക്തികളെ തിരിച്ചറിയുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. ഖത്തറിലേക്കുള്ള അനധികൃത കുടിയേറ്റം ഇതിലൂടെ തടയും.

ആവശ്യമെങ്കില്‍ ഇതിലേറെ ബയോമെട്രിക് വിവരങ്ങളും വ്യക്തികളില്‍ നിന്ന് ശേഖരിക്കാന്‍ കരടുനിയമം അധികൃതര്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച 1993ലെ 14ാം നമ്പര്‍ മന്ത്രാലയ ഉത്തരവിലെ ഏതാനും വ്യവസ്ഥകളുടെ ഭേദഗതിയും ലഹരി വിരുദ്ധ പോരാട്ട ദേശീയ സമിതി സംബന്ധിച്ച 2017ലെ 40ാം നമ്പര്‍ നിയമത്തിലെ ഭേദഗതികളും മന്ത്രിസഭ അംഗീകരിച്ചു. ഇവയും ശൂറാകൗണ്‍സിലിന്റെ പരിഗണനക്ക് കൈമാറി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x