Currency

ക്രസന്റ് പാര്‍ക്ക് തുറന്നു

സ്വന്തം ലേഖകന്‍Thursday, March 28, 2019 7:20 pm

ദോഹ: ഖത്തറിലെ ജലനഗരമെന്നു വിശേഷിക്കപ്പെടുന്ന ലുസൈലില്‍ ക്രസന്റ് പാര്‍ക്ക് തുറന്നു. 2.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ക്രസന്റ് പാര്‍ക്ക് നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസിസ് ബിന്‍ തുര്‍ക്കി അല്‍ സുബായി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ഭാവി നഗരമായ ലുസൈലില്‍ സ്വാഭാവിക സമതുലിത പരിസ്ഥിതി നിലനിര്‍ത്തുംവിധമാണ് പുതിയ പാര്‍ക്ക് സംവിധാനം ചെയ്തിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഖത്തറിലെ പൊതുമേഖല റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഖത്തരി ദീയാര്‍ ആണ് പാര്‍ക്ക് വികസിപ്പിച്ചത്.

കടലോര നഗരത്തില്‍ മരുഭൂമിയും മണല്‍ക്കൂനകളും കൃത്രിമമായി ഒരുക്കിയിരിക്കുന്നു എന്നതാണ് ക്രസന്റ് പാര്‍ക്കിന്റെ പ്രത്യേകത. വിശാലമായ ഹരിതമൈതാനങ്ങളും ഇസ്ലാമിക ശൈലിയിലുള്ള പൂന്തോട്ടങ്ങളുമാണ് മറ്റാകര്‍ഷണങ്ങള്‍. കൃത്രിമക്കുന്നുകളിലും ഹരിതമൈതാനങ്ങളിലും ബീച്ചിലും കടലിലുമായി കായിക, ജല വിനോദങ്ങള്‍ക്കു സൗകര്യമുണ്ട്.

മികച്ച അടിസ്ഥാന സൗകര്യങ്ങളും വളരെ മനോഹരമായ കെട്ടിടങ്ങളുമാണ് പാര്‍ക്കിലുള്ളത്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പാര്‍ക്ക് ഏറെ ഉല്ലാസ സൗകര്യങ്ങള്‍ ലഭ്യമാക്കും. രണ്ടു വന്‍ റസ്റ്ററന്റുകള്‍, 530 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്, ലുസൈല്‍ ലൈറ്റ് ട്രാന്‍സിറ്റ് (ട്രാം സര്‍വീസ്), ഒരു ഫുട്ബോള്‍ മൈതാനം, രണ്ട് അക്രിലിക് ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടുകള്‍, രണ്ട് മണല്‍ വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് അക്രിലിക് ടെന്നിസ് കോര്‍ട്ടുകള്‍, നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക് എന്നിവയും ഇവിടെയുണ്ട്. കമാനം പോലെ ഉയര്‍ന്നു നില്‍ക്കുന്ന പ്രവേശനകവാടവും മറ്റൊരാകര്‍ഷണമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x