
മസ്കത്ത്: ആഗോള സൈബര്‍ സുരക്ഷ സൂചികയില്‍ അറബ് മേഖലയില്‍ ഒമാന്‍ രണ്ടാം സ്ഥാനത്ത്. അന്താരാഷ്ട്ര ടെലികോം യൂനിയന്‍ തയാറാക്കിയ സൂചികയില്‍ ആഗോളതലത്തില്‍ 868 പോയന്റോടെ ഒമാന്‍ 16ാം സ്ഥാനമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ സൗദി മാത്രമാണ് ഒമാന്‍ മുന്നിലുള്ളത്. സൂചികയില്‍ അമ്പതാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ബ്രിട്ടന് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ മാലദ്വീപാണ് അവസാന സ്ഥാനത്ത്.
അറബ് മേഖലയില്‍ മൂന്നാം സ്ഥാനത്ത് ഖത്തറാണ് ഉള്ളത്. കുവൈത്ത്, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളില്‍. മധ്യനിരയില്‍ 11ാം സ്ഥാനമാണ് യു.എ.ഇക്ക്. സഹകരണം, സാങ്കേതികം, നിയമം, സംഘാടനം, കാര്യക്ഷമത എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചിക. ഓരോ വിഭാഗങ്ങളിലും സ്വരൂപിച്ച വസ്തുതകള്‍ വിദഗ്ധര്‍ വിലയിരുത്തിയാണ് അവസാന ഫലം തയാറാക്കുന്നത്. നിയമം, കാര്യക്ഷമത വിഭാഗങ്ങളില്‍ ഒമാന്‍ ഉയര്‍ന്ന സ്കോറാണ് ലഭിച്ചതെന്ന് അന്താരാഷ്ട്ര ടെലികോം യൂനിയന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈബര്‍ സുരക്ഷക്ക് ഉയര്‍ന്ന പരിഗണന നല്‍കിയുള്ള കാര്യനിര്‍വഹണ സംവിധാനമാണ് ഒമാനില്‍ ഉള്ളത്. ഇ-ഗവണ്മെന്റ് സംവിധാനങ്ങളുടെ വിജയകരമായ നടത്തിപ്പിന് വേണ്ട മികച്ച ചട്ടക്കൂടും ഒമാന്‍ ഒരുക്കിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും മികച്ച രീതികളും സംവിധാനങ്ങളുമാണ് ഒമാന്‍ പിന്തുടര്ന്നുവരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.