Currency

ഇന്ത്യയില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് യുഎഇ തുല്യത നല്‍കും

സ്വന്തം ലേഖകന്‍Monday, April 1, 2019 1:42 pm

അബുദാബി: ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്ക് തുല്യത നല്‍കാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ ഇന്റേണല്‍, എക്‌സ്റ്റേണല്‍ മാര്‍ക്കുകള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് നേരത്തെ പ്രതിസന്ധിക്ക് കാരണമായത്. മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടെ യുഎഇയില്‍ അംഗീകരിക്കപ്പെടും. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി നല്‍കിയ വിശദീകരണം യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണല്‍, അക്കാദമിക് ബിരുദങ്ങള്‍ യുഎഇയില്‍ തുല്യമായി അംഗീകരിക്കപ്പെടും. യുജിസിയുടെ ‘ആക്ഷന്‍ പ്ലാന്‍ ഫോര്‍ അക്കാദമിക് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്’ പരിശോധിച്ചാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനത്തിലെത്തിയത്.

മാര്‍ക്ക് ലിസ്റ്റുകളിലെ എക്‌സ്റ്റേണല്‍ എന്ന വാക്ക് മൂല്യ നിര്‍ണയ രീതിയെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും പഠന സ്ഥലമല്ലെന്നും അധികൃതരെ ധരിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് സാധിച്ചു. ഇതോടെയാണ് ഇത്തരം ബിരുദങ്ങള്‍ക്കും തുല്യത നല്‍കാന്‍ തീരുമാനമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x