Currency

പൊതു അവധി; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറും

സ്വന്തം ലേഖകന്‍Thursday, April 4, 2019 1:38 pm

മസ്‌കത്ത്: ഇസ്‌റാഅ് -മിഅ്‌റാജിന്റെ ഭാഗമായുള്ള പൊതു അവധിക്ക് ഇന്നലെ തുടക്കം. നാല് ദിവസത്തെ അവധിക്കു ശേഷം ഇനി ഞായറാഴ്ചയാണ് പ്രവൃത്തിദിനം വരുക. അപ്രതീക്ഷിതമായി ലഭിച്ച നാല് ദിവസത്തെ അവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കനുഭവപ്പെടാന്‍ കാരണമാകും. സാധാരണ ഇസ്‌റാഅ് -മിഅ്‌റാജിന് ഒരു ദിവസം മാത്രമാണ് അവധി ലഭിക്കുന്നത്.

നാലു ദിവസത്തെ അവധിക്ക് നിരവധിപേര്‍ നാട്ടിലേക്ക് പറന്നത് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാനും കാരണമായി. ഒമാനില്‍ അനുഭവപ്പെടുന്ന കുഴപ്പമില്ലാത്ത കാലാവസ്ഥയും സ്‌കൂള്‍ അവധിക്ക് നാട്ടില്‍നിന്ന് നിരവധി കുടുംബങ്ങള്‍ ഒമാനില്‍ അവധിയാഘോഷിക്കാനെത്തിയതും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണമാകും. ചൊവ്വാഴ്ച വൈകീട്ടു മുതല്‍ തന്നെ റൂവി അടക്കമുള്ള നഗരങ്ങളിലെ റോഡുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഒമാനിലെ എല്ലാ സ്‌കൂളുകളും പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള അവധിയിലാണ്. രക്ഷിതാക്കള്‍ക്കു കൂടി അവധി ലഭിച്ചതോടെ കുടുംബസമേതം പിക്‌നിക്കുകളും ഉല്ലാസ യാത്രകളും നടത്താനൊരുങ്ങുകയാണ്. ഒമാനില്‍ ചൂട് ആരംഭിക്കാനൊരുങ്ങുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചൂട് ഉയരും. പിന്നീട് വരുന്ന അഞ്ചു മാസക്കാലം വിനോദയാത്രകളും പിക്‌നിക്കുകളും നടക്കില്ല. നാട്ടില്‍ സ്‌കൂള്‍ അടച്ചതോടെ നിരവധി കുടുംബങ്ങള്‍ ഒമാന്‍ സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്.

ഖുറിയാത്ത്, സൂര്‍, റാസല്‍ ഹദ്ദ്, മസീറ, വാദീ ബനീ ഖാലിദ്, നിസ്‌വ, ബഹ്‌ല, ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍, മത്ര കോര്‍ണീഷ് തുടങ്ങിയ മേഖലകളിലെല്ലാം തിരക്ക് അനുഭവപ്പെടും. സൂര്‍ ഭാഗത്തേക്ക് പോവുന്നവര്‍ ഖുറിയാത്ത് ഡാം, സിങ്ക് ഹോള്‍ പാര്‍ക് തുടങ്ങിയവ സന്ദര്‍ശിച്ച ശേഷം സൂറിലേക്ക് നീങ്ങുന്നതിനാല്‍ സൂറിലെ വിനോദ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x